കട്ടപ്പന: വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന നിർധന യുവാവിനു സഹായ ഹസ്തവുമായി വാഴവര സെന്റ് മേരീസ് ഇടവക. തെങ്ങിൽനിന്നു വീണ് പരിക്കേറ്റ് കിടപ്പിലായ വാഴവര ചുക്കനാനിയിൽ ജോഷി തോമസിന്റെ വീടും പരിസരവും ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ഇടവകാംഗങ്ങൾ ചേർന്ന് വൃത്തിയാക്കി. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. ഒരുമാസം മുമ്പ് തെങ്ങിൽ കയറുന്നതിനിടെ കാൽവഴുതി വീണ് കിടപ്പിലായി. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ജോഷിയുടെ ദയനീയാവസ്ഥ ഇടവകാംഗങ്ങളുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് വീടും പരിസരവും വൃത്തിയാക്കി വീടിന്റെ മേൽക്കൂരയും നിർമിച്ചുനൽകി. മുറികൾ ശുചീകരിച്ചശേഷം കിടക്കാൻ പുതിയ കട്ടിലും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. പ്രദേശവാസികളുടെ സഹകരണത്തോടെ ഭക്ഷ്യസാധനങ്ങളും എത്തിച്ചുനൽകി. വികാരി ഫാ. കുര്യാക്കോസ് ആറക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.