തൊടുപുഴ: പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ തടഞ്ഞുവെച്ച് ആക്രമിച്ചെന്ന് പരാതി. കോടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഡ്രൈവർ എന്നിവരെയാണ് ആക്രമിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വീട്ടുകാർക്കെതിരെ കാളിയാർ പൊലീസ് കേസെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. തെന്നത്തൂർ ആനിക്കുടിയിൽ ജോർജ് കുര്യാക്കോസിന്റെ വീട്ടിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യപ്രവർത്തകർ എത്തിയത്. ഇവർ എത്തുമ്പോൾ വീടിന്റെ പരിസരം വൃത്തിഹീനമായിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ പരിസരം ശുചീകരിക്കണമെന്ന് നിർദേശം നൽകി മടങ്ങി. ശനിയാഴ്ച വീണ്ടും ഇവർ എത്തിയപ്പോഴും പരിസരം വൃത്തിഹീനമായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റം ആക്രണത്തിൽ കലാശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുടുംബാഗങ്ങളായ നാല് പേർക്കെതിരെ കേസ് എടുത്തതായി കാളിയാർ എസ്‌.ഐ വി.സി. വിഷ്ണുകുമാർ അറിയിച്ചു.