പുതുപ്പരിയാരം: പലചരക്കുകടയിൽ സാധനങ്ങൾ വാങ്ങാൻ വന്നയാളെ മദ്യപന്മാർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. ഉന്നക്കാട്ട് സിബി തോമസിനാണ് മർദനമേറ്റത്. ലോക്ക് ഡൗൺ നിയമം ലംഘിച്ച് മൈലാടുംപാറ ഭാഗത്തെ ഒരു വീട്ടിൽ കൂട്ടം കൂടിയവരെ പൊലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതുപ്പരിയാരം കവലയിൽ സംഭവമുണ്ടായത്. മദ്യഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുന്ന ഈ ഘട്ടത്തിൽ മദ്യം എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അന്വേഷിക്കണമെന്നും കവലയിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.