തൊടുപുഴ: കത്തുന്ന വേനലിന് ആശ്വാസമായി ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത മഴയിൽ പരക്കെ നാശനഷ്ടം. തൊടുപുഴ നഗരത്തിലും സമീപ ഗ്രാമീണ മേഖലകളിലും വേനൽ മഴ പെയ്തു.
ഇടിമിന്നലിൽ തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ വാഴക്കാല, പയ്യാവ് പ്രദേശങ്ങളിലും കലയന്താനി, ചിലവ് പ്രദേശങ്ങളിലും നാശനഷ്ടം നേരിട്ടു. പലയിടത്തും വെദ്യുതി പോസ്റ്റുകൾക്ക് മുകളിൽ മരംവീണു. ഇടിമിന്നലേറ്റ് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിന്റ സിബിന്റെ വീട്ടിലെ നായ ചത്തു. പ്രസിഡന്റിനും കുട്ടികൾക്കും ചെറിയ പൊള്ളൽ ഏറ്റു. വീടിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് കഷ്ണം ഇടിമിന്നലേറ്റ് തെറിച്ചു പോയി. സമീപത്തെ രണ്ടു വീടുകളുടെ മുകളിൽ മരം വീണെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാറത്താഴത്ത് തോമസ്, കൊറ്റമലയിൽ ചന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് നാശം. കിടപ്പുരോഗിയായ തോമസ് കിടന്ന മുറിയ്ക്ക് സമീപമാണ് റബർമരം വീണത്. ചന്ദ്രന്റെ വീട് മേഞ്ഞിരുന്ന ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു. പ്രദേശത്ത് റോഡുകളിലേയ്ക്ക് മരങ്ങൾ വീണു. വാഴയും റബറുമടടക്കം നശിച്ചു. തൊടുപുഴ ഫയർഫോഴ്സിലെ ജീവനക്കാരനായ കലയന്താനി മരതുംപാറയ്ക്കൽ ജിജോയുടെ പുരയിടത്തിലെ കുലച്ച് ഒരുമാസം മാത്രം പ്രായമായ നൂറോളം വാഴകൾ കാറ്റിൽ നശിച്ചു. ഏതാനും റബർമരങ്ങളും ഒടിഞ്ഞു. കലയന്താനി ചിലവ് റോഡിൽ മറ്റു മൂന്നിടങ്ങളിലും കാറ്റിൽ നാശം നേരിട്ടു. കോടിക്കുളം ചെറുതോട്ടിൻകരയിൽ റോഡിൽ വീണ മരം നാട്ടുകാരും പൊലീസും ചേർന്ന് മുറിച്ചു മാറ്റി. തൊടുപുഴ ന്യൂമാൻ കോളേജ് അംബികാ ഹോസ്റ്റലിന് സമീപം റോഡിലേയ്ക്ക് വീണ തേക്ക് ഫയർഫോഴ്സ് മുറിച്ചു മാറ്റി. ഈ ഭാഗത്ത് വൈദ്യുതി ബന്ധവും തകരാറിലായി.
തൊടുപുഴ ന്യൂമാൻ കോളേജിന് സമീപത്തും ചിലവ് റൂട്ടിൽ രണ്ട് സ്ഥലങ്ങളിലും കുന്നം- പടി. കോടിക്കുളം റൂട്ടിലും മരങ്ങൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. തൊടുപുഴ ഫയർ യൂണിറ്റെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. വാഗമൺ റൂട്ടിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഒളമറ്റം ഭാഗത്ത് റോഡിൽ വീണ ഓയിലിൽ തെന്നി ബൈക്ക് യാത്രികൻ മറിഞ്ഞു വീണ് പരിക്കേറ്റു. ബൈക്കിന് സാരമായ കേട് സംഭവിച്ചു.