തൊടുപുഴ: വൈറസ് ബാധയെ തുടർന്നുണ്ടായ സാമൂഹ്യ സാഹചര്യം പരിഗണിച്ചു ജില്ലാ ജയിലിലെ ഏഴ് വിചാരണ തടവുകാർക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം വിചാരണ തടവിൽ കഴിഞ്ഞിരുന്നവർക്കാണ് ജാമ്യം അനുവദിച്ചത്. പോക്‌സോ നിയമത്തിൽ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം വിചാരണയിൽ കഴിഞ്ഞിരുന്ന നാല് പേർക്കും അടിപിടി കേസിൽ ഉൾപ്പെട്ടിരുന്ന ഒരാൾക്കുമാണ് ജാമ്യം ലഭിച്ചത്. കൊലപാതക കേസിൽ ഉൾപ്പെട്ട് വിചാരണയിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്ക് ഹൈക്കോടതിയുടെ നിർദേശപ്രകാരം വീഡിയോ കോൺഫറൻസിലൂടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവരെ ജയിലിൽ നിന്ന് വീട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ സാഹചര്യമൊരുക്കിയാണ് ജാമ്യത്തിൽ വിട്ടയച്ചത്.