തൊടുപുഴ: ലോക്ക്ഡൗണിന്റെ പശ്ചത്തലത്തിൽ ജില്ലയിലെ മത്സ്യ വിൽപ്പനശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും രാസവസ്തു ചേർത്തതുമായ മീൻ പിടികൂടി. കുമ്പംകല്ലിൽ പ്രവർത്തിക്കുന്ന ചമ്പക്കര ഫിഷറീസ് എന്ന കടയിൽ നിന്നാണ് ഫോർമാലിൻ ചേർത്ത 20 കിലോ മീൻ പിടികൂടിയത്. മത്സ്യ മാർക്കറ്റിലെ സുൽത്താൻ ഫിഷറീസിൽ നിന്ന് 18 കിലോ പഴകിയ മീൻ കണ്ടെത്തി. 'ഓപ്പറേഷൻ സാർ റാണി'യുടെ ഭാഗമായി ഫിഷറീസ് വകുപ്പുമായി ചേർന്നായിരുന്നു പരിശോധന. തൊടുപുഴ സർക്കിൾ ഫുഡ് സേഫ്‌റ്റി ഓഫീസർ സന്തോഷ് കുമാർ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ഷിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.