തൊടുപുഴ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. കാറോടിച്ചിരുന്ന ബേക്കറി ഉടമ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതേമുക്കാക്കാലോടെ കോലാനിയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് സംഭവം. വഴിത്തലയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന കാറിന്റെ നിയന്ത്രണം വിട്ട് സൂപ്പർ മാർക്കറ്റിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തലകീഴായി മറിഞ്ഞ കാറിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്. ഉടൻ തന്നെ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കാർ റോഡിന്റെ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനത്തിൽ നിന്ന് റോഡിലേക്ക് ഒഴുകിപ്പരന്ന ഓയിലും കഴുകി വൃത്തിയാക്കി.