കട്ടപ്പന: കൊവിഡ്19 പശ്ചാത്തലത്തിൽ സർക്കാർ സഹായം നൽകുന്ന വിഭാഗത്തിൽ നാടക കലാപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന് നാടക് സംഘടന ആവശ്യപ്പെട്ടു. വിവിധ പാക്കേജുകളിൽ സഹായം പ്രഖ്യാപിച്ചപ്പോൾ നാടക കലാകാരൻമാരെ പരിഗണിച്ചില്ല. സംസ്ഥാനത്ത് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് കലാസാംസ്‌കാരിക പരിപാടികൾ നടക്കുന്നത്. നാടകാവതരണത്തോടൊപ്പം നാടക ക്യാമ്പുകൾ, സ്ത്രീകൾക്കും മുതിർന്നവർക്കുമുള്ള ക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ, സർക്കാരിന്റെ വിവിധ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ നിലച്ചിരിക്കുകയാണ്. രണ്ട് പ്രളയവും നിപ്പയും മൂലം കലാകാരൻമാർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ലോക്ക്ഡൗണിനു ശേഷം കാലവർഷം ആരംഭിച്ചാൽ സ്ഥിതി ദയനീയമാകും. ഭൂരിഭാഗം നാടക കലാകാരൻമാരും ക്ഷേമനിധിയിൽ അംഗങ്ങളല്ല. ഇതു പരിഗണിച്ച് ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്തവർക്കും ധനസഹായം നൽകണമെന്നും മുഖ്യമന്തിക്ക് നൽകിയ നിവേദനത്തിൽ നാടക് ഭാരവാഹികൾ ആവശ്യപ്പെട്ടു.