തൊടുപുഴ: കൊവിഡ് - 19 ജാഗ്രത കാലത്തെ ഗാർഹിക പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമിട്ട് കാർഷിക കർമ്മ സേന വകുപ്പ്. ഇതിന്റെ ഭാഗമായി മുട്ടം, കുടയത്തൂർ, മണക്കാട് പഞ്ചായത്തുകളിൽ വിവിധ ഇനങ്ങളുടെ വിത്ത് പായ്ക്കറ്റുകൾ എത്തിച്ചു. കൊറോണ മുൻകരുതൽ നിലനിൽക്കുന്നതിനാൽ അതാത് പഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തകർ, കാർഷിക കർമ്മസേനാ അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുഖേനയാണ് വിത്ത് കിറ്റുകളും തൈകളും ഓരോ വീടുകളിലും എത്തിക്കുന്നത്. പയർ, ചീര, മുളക് ചീനി, തക്കാളി എന്നിവയുടെ വിത്തുകളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. അരിക്കുഴ കൃഷിഫാമിൽ നിന്നും മുട്ടം കൃഷിഭവനിൽ എത്തിച്ച തൈകളും കിറ്റുകളും കൃഷി അസി.ഡയറക്ടർ കെ.പി സെലീനാമ്മ സന്നദ്ധം വോളണ്ടിയർമാർക്ക് കൈമാറി. ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു , കൃഷി ഓഫീസർ സി.എസ്. സുജിതാമോൾ തുടങ്ങിയവർ സംബന്ധിച്ചു. കുടയത്തൂർ, മണക്കാട് കൃഷി ഭവനുകളിലും വിത്ത് കിറ്റുകൾ എത്തിച്ചിട്ടുണ്ട്.രണ്ട് ദിവസങ്ങൾ കൊണ്ട് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും വിത്തുകൾ എത്തിക്കാനാണ് ലക്ഷ്യം.