കട്ടപ്പന: കർഷകന്റെ കൺമുമ്പിൽ കാട്ടുപന്നികൾ കപ്പക്കൃഷി നശിപ്പിച്ചു. നരിയംപാറ സ്വർണവിലാസം വിനോദ് ഭവനിൽ ബി. വിനോദിന്റെ കൃഷിയിടത്തിലെ 400 ചുവട് കപ്പയാണ് കഴിഞ്ഞദിവസം കുത്തിമറിച്ചത്. 630 ചുവട് കപ്പയാണ് പുരയിടത്തിൽ കൃഷി ചെയ്തിരുന്നത്. രാവിലെ കൃഷിയിടത്തിൽ നിന്നു ശബ്ദം കേട്ട് വിനോദ് നോക്കിയപ്പോൾ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒൻപത് കാട്ടുപന്നികൾ ചേർന്ന്കൃ ഷി നശിപ്പിക്കുന്നതാണ് കണ്ടത്. ഇവറ്റകളുടെ ആക്രമണം ഭയന്ന് പുരയിടത്തലേക്ക് പോകാൻ കഴിയാതെ നിസഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
കർഷകനായ വിനോദിന്റെ പുരയിടത്തിൽ കാട്ടുപന്നി ശല്യമുണ്ടെങ്കിലും ഇത്രയധികം നാശമുണ്ടാക്കുന്നത് ആദ്യമായാണ്. നനവുള്ള മേഖലയായതിനാൽ എല്ലാ ദിവസവും കാട്ടുപന്നികൾ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ വീടിനുസമീപം നിർമ്മിക്കുന്ന കിണറിനുള്ളിൽ കഴിഞ്ഞദിവസം കാട്ടുപന്നി വീണിരുന്നു. വനപാലകരെത്തി കാട്ടുപന്നിയെ കരയ്ക്ക് കയറ്റിയെങ്കിലും രക്ഷപ്പെട്ട് ഓടുകയായിരുന്നു. കപ്പക്കൃഷിക്ക് പുറമേ വിനോദിന്റെ പതിനഞ്ചോളം വാഴകളും കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്. കൂടാതെ സമീപ മേഖലയിലെ നിരവധി കർഷകരുടെ ഏലംകൃഷിയും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വിഷരഹിതമായ ഭക്ഷ്യസാധനങ്ങൾക്കായാണ് കപ്പയും വാഴയും ചേനയും ഉൾപ്പെടെയുള്ളവ കൃഷി ചെയ്തുവരുന്നത്. എന്നാൽ കാട്ടുപന്നി ശല്യം വർധിച്ചതോടെ കൃഷിയുമായി മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്.