കട്ടപ്പന: കൊവിഡ്19 നിയന്ത്രണങ്ങൾ ഡയാലിസിസിനു വിധേയരാകുന്നവർക്ക് ബുദ്ധിമുട്ടാകുന്നു. വരുമാനവും വിവിധ സംഘടനകളുടെ സഹായവും നിലച്ചതോടെ പലർക്കും ചികിത്സ മുടങ്ങുകയാണ്. ജില്ലയിൽ കട്ടപ്പന, മുരിക്കാശേരി, തൊടുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും തൊടുപുഴയിലെ തന്നെ ജില്ലാ ആശുപത്രിയിലുമാണ് ഡയാലിസിസ് നടത്തുന്നത്. എന്നാൽ ജില്ലാ ആശുപത്രിയിൽ സ്ഥിരമായി ചികിത്സയ്ക്ക് വരുന്നവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് നടത്തുന്നതിനുള്ള സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്.
സ്വകാര്യ ആശുപത്രികളിൽ 1200 മുതൽ 1800 രൂപ വരെയാണ് ഒരുതവണ ഡയാലിസിസ് നടത്തുന്നതിന്റെ ചെലവ്. ആഴ്ചയിൽ മൂന്നുതവണ ചികിത്സ തേടേണ്ടവർക്ക് മറ്റു ചെലവുകളടക്കം പതിനായിരത്തിലധികം രൂപ വേണ്ടിവരും. മരുന്നുകളടക്കമുള്ള ചെലവിനു വേറെയും പണം കണ്ടെത്തണം. വിവിധ സന്നദ്ധ സംഘടനകളുടെയും സഹായ മനസ്ക്കരായ വ്യക്തികളുടെയും സഹായമായിരുന്നു ഓട്ടേറെ രോഗികൾക്ക് ആശ്രയമായത്. സ്ഥിരമായി സഹായം ലഭിച്ചിരുന്നതിനാൽ ഡയാലിസിസ് അടക്കമുള്ള കാര്യങ്ങൾ മുടക്കമില്ലാതെ നടന്നിരുന്നു.
എന്നാൽ മുമ്പ് ഇത്തരത്തിൽ സഹായം നൽകിയിരുന്ന പല സംഘടനകളും കൊവിഡ്19 പശ്ചാത്തലത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് കഴിയാതെന്നവതോടെ പ്രതിസന്ധിയിലായത് ഡയാലിസസ് ചെയ്യേണ്ട രോഗികളാണ്.