തൊടുപുഴ : കേരളത്തിലെ മറ്റ് ക്ഷേമനിധി ബോർഡുകൾ മിക്കതും അംഗങ്ങൾക്ക് അംശാദായം നൽകാൻ തീരുമാനിച്ചിട്ടും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്തത് നിരുത്തരവാദപരമാണെന്നും ബോർഡ് പിരിച്ചുവിടണമെന്നും ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ആവശ്യപ്പെട്ടു.കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക് ഡൗൺ ക്ഷീരമേഖലയിലെ 14 ലക്ഷം വരുന്ന സംസ്ഥാനത്തെ കർഷകരെ തകർത്തെറിഞ്ഞിട്ടും ആനുകൂല്യങ്ങൾ ഒന്നുംപ്രഖ്യാപിക്കാത്തത് വർഷങ്ങളായി ക്ഷേമനിധി വിഹിതം അടയ്ക്കുന്ന ക്ഷീരകർഷകരോടുള്ള വെല്ലുവിളിയാണ്. പ്രതിമാസം 20 രൂപ വീതമാണ് കർഷകർ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നത.ഇപ്പോൾ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളിൽ അനുദിനം പാൽ അളക്കുന്ന കർഷകരോട് സർക്കാരും ബോർഡും നീതി കാണിക്കണം.
ഹോട്ടൽ, ബേക്കറി പോലുള്ള പാൽ നൽകുന്ന സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാലും കാലിത്തീറ്റ വില വർദ്ധന പോലെയുള്ള ബുദ്ധിമുട്ടുകൾ ഉള്ളതിനാലും പാൽ കർഷകർ തകർച്ചയുടെ മുന്നിലാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി 5000 രൂപ വീതം സമാശ്വാസ ധനമായി അനുവദിക്കാൻ സർക്കാരിന്റെയും ബോർഡിന്റെയും അടിയന്തിര തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.