ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. കഞ്ഞിക്കുഴി പഞ്ചായത്തിൽ18-ാം വാർഡിൽ വിധവയായ അമ്മനത്ത് മേരിയുടെ വീടാണ് പുർണ്ണമായും തകർന്നത്.
ഞായറാഴ്ച വൈകുന്നേരം നാലോടെ ഉണ്ടായ ശക്തമാകാറ്റിലും മഴയിലുമാണ് വീട് തകർന്നത്. ലോക്ക് ഡൗൺ ആയിരുന്നതിനാൽ മേരിയും പേരകുട്ടികളും വീടിന് അകത്തുതന്നെയുണ്ടായിരുന്നു. ശക്തമായ കാറ്റ് അടിച്ച് വീട് ഇളകിയതോടെ മേരിയും പേരക്കുട്ടികളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. മേരിയുടെ ഭർത്താവ് 6 മാസങ്ങൾക്ക് മുൻപാണ് മരണപ്പെട്ടത്. വീട് പൂർണ്ണമായും തകർന്നതോടെ കയറികിടക്കാൻപോലും സൗകര്യമില്ലാതെ ദുരിതത്തിലായിരിക്കയാണ് മേരി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ സ്ഥലത്തെത്തി വില്ലേജ് ഓഫിസർ, കളക്ടർ, തഹസിൽദാർ എന്നിവരെ വിവരം അറിയിച്ചു.