നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തിൽ ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായവർക്ക് സാഹായമെത്തിച്ചു. യൂണിയൻ പ്രവർത്തന പരിധിയിലുള്ള നെടുങ്കണ്ടം ഉടുമ്പൻചോല, പാമ്പാടുംപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേയ്ക്ക് ആവശ്യമായ പലചരക്ക്, പച്ചക്കറി ഉല്പന്നങ്ങൾ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ജ്ഞാനസുന്ദരവും ഷിഹാബുദ്ദീൻ ഈട്ടിക്കൽ, കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ഉല്പന്നങ്ങൾ ഏറ്റുവാങ്ങി. ഉടുമ്പൻചോല പഞ്ചായത്തിൽ നടത്തിയ വിതരണത്തിൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ബിജു എന്നിവരും പാമ്പാടുംപാറ പഞ്ചായത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് അമ്മൻചേരിൽ, വാർഡ്‌മെമ്പർമാരും കരുണാപുരം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റ്റോമി പ്ലാവുവച്ചതിൽ, സെക്രട്ടറി സുനിൽകുമാർ, വാർഡ് മെമ്പർമാരും ചേർന്ന് അവശ്യവസ്തുക്കൾ ഏറ്റുവാങ്ങി. നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, കൗൺസിൽ അഗംങ്ങളായ എൻ. ജയൻ, സജി ചാലിൽ, ശാഖായോഗം നേതാക്കൾ എന്നിവർ പങ്കെടുത്തു.