തൊടുപുഴ : കൊവിഡ്-19 ന്റെ സാമൂഹ്യ പ്രത്യാഘാതം കുറയ്ക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഹെൽപ്പ് ഡെസ്‌ക് നഗരസഭ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. വയോജനങ്ങൾ, വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ ഇരിക്കുന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, രോഗവ്യാപനത്തിന്റെ ശക്തിയും വേഗതയും പരിഗണിക്കുമ്പോൾ പൂർണ്ണമായും സുരക്ഷിതമായ താമസ സ്ഥലം ഉറപ്പാക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിങ്ങനെ സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമായ വിഭാഗങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കുകയും റിവേഴ്‌സ് ക്വാറന്റൈൻ പരിരക്ഷ ഉറപ്പു വരുത്തുകയുമാണ് ഹെൽപ്പ് ഡെസ്‌കിന്റെ ലക്ഷ്യം.
35 വാർഡിലും രൂപീകരിച്ചിട്ടുള്ള വാർഡുതല സമിതികൾക്കാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനത്തിന്റെ ഫീൽഡ് തല ഉത്തരവാദിത്വം. ഹെൽപ്പ് ഡെസ്‌കിനെ ജില്ലാ കളക്‌ട്രേറ്റും സംസ്ഥാനതല കൊവിഡ് വാർ റൂമുമായും വിവിധ സേവന ഏജൻസികളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ സഹായം ആവശ്യപ്പെടുന്നവർക്ക് വേണ്ടി സേവനം അടിയന്തിര പ്രാധാന്യത്തോടെ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികളെ അറിയിക്കുകയും, സേവനം കിട്ടുന്നുവെന്ന് ഹെൽപ്പ് ഡെസ്‌ക് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഹരിയുടെ ചുമതലയിൽ നഗരസഭാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്‌ക് നിലവിൽ ഓഫീസ് സമയത്തും, ആവശ്യമായി വന്നാൽ അധിക സമയവും പ്രവർത്തിക്കുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളതെന്ന് നഗരസഭാ സെക്രട്ടറി രാജശ്രീ പി. നായർ അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ള ഈ ഹെൽപ്പ് ഡെസ്‌കുമായി താഴെ ചേർക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ- 9961469251, 9400262385, 9446608977, 9895921369
അവശ്യ വസ്തുക്കൾ ഒരാൾക്കുതന്നെ ആവർത്തിച്ച് ലഭ്യമാക്കുന്നതിന് ഒഴിവാക്കുന്നതിനും ദുരുപയോഗം തടയുന്നതിനും അർഹരായ എല്ലാവർക്കും ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിനും വേണ്ടി നഗരസഭാ പരിധിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണസാമഗ്രികളും മറ്റ് അവശ്യവസ്തുക്കളും നൽകിവരുന്ന സാമുഹ്യ പ്രവർത്തകരും സന്നദ്ധസംഘടനകളും ഇനിയും സഹായം നൽകാൻ സന്മനസുള്ളവരും വിവരം നഗരസഭയെ അറിയിക്കണം.
നഗരസഭാ സെക്രട്ടറി രാജശ്രീ പി. നായർഅറിയിച്ചു.