തൊടുപുഴ : കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ തദ്ദേശഭരണസ്ഥാപനങ്ങളിൽ നിലച്ചുപോയ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി പുനരാരംഭിക്കണമെന്ന് ജില്ലാ കളക്ടർ എച് ദിനേശൻ. ഫ്‌ളാറ്റുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും നഗര പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലും മറ്റും വൻതോതിൽ ജൈവമാലിന്യങ്ങൾ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഹരിതകർമ്മ സേനയും മുനിസിപ്പാലിറ്റികളിലെയും മറ്റും സാനിറ്റേഷൻ ജീവനക്കാരും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചൻ സംഘാടകരും മാലിന്യങ്ങൾ തരം തിരിച്ച് സമഗ്രമായി പരിപാലിക്കുന്നതിന് ക്രമീകരണങ്ങൾ ഉറപ്പാക്കണം. ഹരിതകർമ്മ സേനാ അംഗങ്ങൾക്കും സാനിറ്റേഷൻ സ്റ്റാഫിനും വാഹന സൗകര്യം ഏർപ്പെടുത്തി മാലിന്യനീക്കം ഉറപ്പാക്കണം. മാലിന്യങ്ങൾ പൊതുയിടങ്ങളിലേയ്ക്ക് വലിച്ചെറിയാതെ നീക്കം ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണം.അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും നഗരപ്രദേശങ്ങളിലും ജൈവമാലിന്യങ്ങൾ യഥാവിധം സംസ്‌കരിച്ചില്ലെങ്കിൽ കൊറോണയ്‌ക്കൊപ്പം മറ്റ് പകർച്ച വ്യാധികളും പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതിനാൽ എല്ലാകൊവിഡ് സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സംവിധാനമൊരുക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.