ഇടുക്കി : കൊറോണ ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ കുട്ടികളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് ഫോൺ വിളികളും വാട്‌സ് ആപ്പ് സന്ദേശങ്ങളും പഠന നുറുങ്ങും അയക്കുകയാണ് ജില്ലയിലെ റിസോഴ്‌സ് അദ്ധ്യാപകർ. സമഗ്രശിക്ഷയുടെ കീഴിൽ ഭിന്നശേഷി കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന അദ്ധ്യാപകരാണ് ഇവർ. മാർച്ച് 31 ന് അവരുടെ കോൺട്രാക്ട് അവസാനിച്ചു എങ്കിലും അവരുടെ മേഖലയിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രർത്തിക്കുകയാണ് ഇവർ.
ഇടവെട്ടിയിലെ ജിബിൻ ബിജോയ്ക്കും മൂലമുറ്റത്തെ മേൽബിൻ ഷാജിക്കും മരുന്ന് വീട്ടിലെത്തിക്കുന്നു. കട്ടപ്പനയിലെ നന്ദനയുടെ വീട്ടിൽ ഭക്ഷണ കിറ്റ് എത്തിക്കാനും കഴിഞ്ഞത് ഉൾപ്പടെയുള്ളവർ ഉൾപ്പെടും.ഇതിനായി പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനായി ജില്ലയിൽ 108 അദ്ധ്യാപകരാണുള്ളത്. സ്‌കൂളിൽ യാത്ര ചെയ്ത് എത്താനോ ക്ലാസ്സ് റൂമുകളിൽ ഇരിക്കാനോ കഴിയാത്ത കുട്ടികൾക്ക് എല്ലാ ബുധനാഴ്ച്ചയും വീട്ടിലെത്തി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ കഴിയാത്തതിനാൽ അധ്യാപകർക്കു വിഷമമുണ്ട്. എന്നിരുന്നാലും കുട്ടികളുടെ അമ്മമാരെ ഫോണിൽ വിളിച്ചു മാർഗ്ഗ നിർദ്ദേശം നൽകുന്നുണ്ട് ഈ അധ്യാപകർ. പഠന വൈകല്യമുള്ള കുട്ടികൾക്കായി കേരള സാമൂഹിക നീതി വകുപ്പും, സി.ഡി.എം.ആർ.പി യും ചേർന്ന് തയ്യാറാക്കിയ 'ഇലകൾ പച്ച' എന്ന മൊബൈൽ ആപ്പ് രക്ഷിതാക്കളുടെ ഫോണിൽ ഡൗൺ ലോഡ് ചെയ്യിച്ച് പഠന പ്രവർത്തനങ്ങൾ നടത്താനും സഹായിക്കുന്നു. ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽ 5770 കുട്ടികൾ ഇപ്പോൾ ഉണ്ട്. റിസോഴ്‌സ് അദ്ധ്യാപകരുടെ പ്രവർത്തനം ജില്ലാ പ്രോഗ്രാം ഓഫീസർ സുലൈമാൻകുട്ടി ഏകോപിപ്പിക്കുന്നു.