അടിമാലി : ലോക്ക് ഡൗൺ കാലത്ത് സർക്കാർ നിർദ്ദേശ പ്രകാരം ജനകീയ ഹോട്ടലൊരുക്കി വിശക്കുന്നവർക്ക് തുച്ഛമായ നിരക്കിൽ ഉച്ചയൂണെത്തിച്ചു നൽകുകയാണ് സിഡിഎസ് പ്രവർത്തകർ.കൈവശം പണമുണ്ടായിട്ടും അടഞ്ഞ് കിടക്കുന്ന ഭക്ഷണശാലകൾക്ക് മുമ്പിൽ ലോക്ക് ഡൗൺ കാലത്ത് ചിലരെങ്കിലും നിസ്സഹായരായി നിന്നിട്ടുണ്ടാകും.ഈ സ്ഥിതിവിശേഷം മറികടക്കുന്നതിനായാണ് സർക്കാർ നിർദ്ദേശ പ്രകാരം സിഡിഎസുകളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ച് വരുന്നത്.സിഡിഎസ് പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ ഉച്ചനേരങ്ങളിൽ ഉച്ചയൂണ് തുച്ഛമായ നിരക്കിൽ നിശ്ചിത ദൂരപരിധിക്കുള്ളിലാണെങ്കിൽ ഇവർ എത്തിച്ചു നൽകുംദിവസവും 80തിനടുത്ത ചോറു പൊതികൾ ഇവർ ആവശ്യക്കാരുടെ പക്കൽ എത്തിക്കുന്നുണ്ട്.വൈകുന്നേരങ്ങളിൽ അടിമാലി താലൂക്കാശുപത്രിയിലെ ആവശ്യക്കാരായ രോഗികൾക്കിവർ കഞ്ഞിയും എത്തിച്ച് നൽകുന്നുചോറും മൂന്നു തരം കറികളും ഉച്ചയൂണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഊണൊന്നിന് 25 രൂപയാണ് നിരക്ക്.ഓട്ടോറിക്ഷകളിൽ സിഡിഎസ് പ്രവർത്തകർ തന്നെ ആവശ്യക്കാർക്ക് ചോറു വിതരണം നടത്തുന്നു.അടിമാലി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികളും അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉച്ചയൂണിന് ആവശ്യക്കാരായുണ്ട്.ആശുപത്രിയിൽ എത്തുന്ന ഏതാനും ചില നിർദ്ദന രോഗികൾക്ക് ഉച്ചയൂണ് സൗജന്യമായും നൽകി വരുന്നു.ഇതിനോടകം 700ഓളം ചോറു പൊതികൾ ആവശ്യക്കാരുടെ പക്കലിവർ എത്തിച്ചു കഴിഞ്ഞു.അടിമാലി സിഡിഎസ് ചെയർപേഴ്‌സൺ സൂസൻ ജോസ്,സിഡിഎസ് പ്രവർത്തകരായ ജോളി സുധൻ,സലീന സൈനുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടിമാലിയിലെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.