തൊടുപുഴ: ചലഞ്ചെന്ന് കേൾക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ പേടിക്കണ്ട, ഇത് സാലറി ചലഞ്ചല്ല. മഹാമാരിയുടെ ഭയപ്പെടുത്തുന്ന വാർത്തകൾ നമ്മെ വല്ലാതെ തളർത്തുമ്പോൾ സ്വയം മനസിനെ സന്തോഷിപ്പിക്കാനും മറ്റുള്ളവർക്ക് സന്തോഷം പകരാനും എങ്ങും ചലഞ്ചുകളാണ് നിറയുകയാണ്. പരമ്പരാഗത വേഷങ്ങൾ ധരിച്ച ഫോട്ടോകൾ പോസ്റ്റ് ചെയ്യുക,​​ തല മൊട്ട അടിച്ച ഫോട്ടോ പോസ്റ്റ് ചെയ്യുക, വീടിനുള്ളിൽ നിന്ന് കുടുംബ സെൽഫി പോസ്റ്റ് ചെയ്യുക, പാചക പരീക്ഷണങ്ങൾ തുടങ്ങിയ ചലഞ്ചുകളാണിപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് കാലത്തെ വിരസത മാറ്റാൻ വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലാണ് വിവിധ ചലഞ്ചുകൾ സജീവമായിരിക്കുന്നത്. പ്രമുഖർ പലരും ഇതിനോടകം തന്നെ ഈ ചലഞ്ചിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രാദേശിക തലത്തിൽ രൂപം നൽകുന്ന വേരെയും ചലഞ്ചുകളും ക്വിസുകളും കളികളും ഏറെയുണ്ട്. ചില ചിത്രങ്ങളിൽ നിന്ന് സ്ഥലവും സിനിമയും പാട്ടുകളും മുതൽ നാട്ടിൻപുറത്തെ ബസ് സ്റ്റോപ്പുകളുടെ പേരുകൾ വരെ കണ്ടുപിടിക്കാൻ കൂട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് വലിയ പ്രചാരമുള്ള ഒരു കളി.

ട്രെൻഡായി സാരി ചലഞ്ച്

ഇപ്പോൾ ഏറ്റവുമധികം വൈറലായിരിക്കുന്ന ചലഞ്ചാണ് സാരി ചലഞ്ച്. നന്നായി ഒരുങ്ങി നല്ലൊരു സാരിയുടുത്ത് ഒരു ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ എല്ലാ പെൺ സുഹൃത്തുക്കളെയും ഈ ചലഞ്ചിനായി ടാഗ് ചെയ്യാം. ലൈക്കും കമന്റും വന്നുനിറയുമ്പോൾ മനസിൽ സന്തോഷവും നിറയുന്നു. നിരവധി സ്ത്രീകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.