തൊടുപുഴ: മുട്ടം കരിങ്കുന്നം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പി.ജെ ജോസഫ് എം. എൽ.എ ഇടപെടുന്നു. രണ്ട് പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നത് എൽ ഐ സിയുടെ സാമ്പത്തിക സഹായത്തോടെ മുട്ടം പഞ്ചായത്തിൽ മാത്തപ്പാറ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പദ്ധതിയിൽ നിന്നാണ്. പദ്ധതിയോട് അനുബന്ധിച്ചുള്ള കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കൊല്ലംകുന്നിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ എത്തിച്ചാണ്‌ മുട്ടം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. കരിങ്കുന്നം പഞ്ചായത്തിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം മറ്റത്തിപ്പാറയിലുള്ള ടാങ്കിൽ എത്തിച്ചുമാണ് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്‌തു വരുന്നതും. മുട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് 90 ന്റേയും 75 ന്റേയും രണ്ട് മോട്ടോറുകളും രാത്രിയും പകലും പമ്പിംഗ് നടത്തണം. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ട് 75 ന്റെ മോട്ടോർ പ്രവർത്തന രഹിതമാണ്‌. ഇക്കാരണത്താൽ മുട്ടം പഞ്ചായത്തിലേക്ക് 90 ന്റെ മോട്ടോർ സെറ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് പമ്പിംഗ് നടത്തുന്നത്. ഒരു മോട്ടോർ സെറ്റ് മാത്രം പ്രവർത്തിക്കുന്നതിനാൽ മുട്ടം പഞ്ചായത്തിൽ അതി രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് നിലനിൽക്കുന്നത്. രാവിലെ 6 മുതൽ രാത്രി 10 വരെയുള്ള സമയത്ത് 68 മോട്ടോർ പ്രവർത്തിപ്പിച്ചാണ്‌ കരിങ്കുന്നം മേഖലയിലേക്ക് പമ്പിംഗ് നടത്തുന്നത്. നിലവിൽ മാത്തപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്ന് രാത്രി 10 ന് ശേഷം കരിങ്കുന്നം പ്രദേശത്തേക്ക് പമ്പിംഗ് നടക്കാത്തതിനാൽ ഇവിടേയും അതിരൂക്ഷമായ കുടിവെള്ള പ്രശ്നമാണ് നിലനിൽക്കുന്നത് . മാത്തപ്പാറ കുടിവെള്ള പദ്ധതിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന കാലപ്പഴക്കത്താൽ ജീർണ്ണിച്ച, കപ്പാസിറ്റി കുറഞ്ഞ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നതിനാലാണ് മുട്ടം പഞ്ചായത്തിലേക്കുള്ള 75 ന്റെ മോട്ടോർ സെറ്റ് പ്രവർത്തന രഹിതമായതും കരിങ്കുന്നം പഞ്ചായത്തിലേക്ക് ഇവിടെ നിന്ന് രാത്രി പമ്പിംഗ ് നടത്താൻ കഴിയാത്തതും. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട പി ജെ ജോസഫ് എം എൽ എ 'കേരള കൗമുദി" യോട് പ്രതികരിച്ചു

കേരള കൗമുദിയിലെ വാർത്ത ശ്രദ്ധയിൽപെട്ടിരുന്നു. മാത്തപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതിയിലേക്ക് വൈദ്യുതി എത്തിക്കുന്ന നിലവിലുള്ള ട്രാൻസ്ഫോമർ കപ്പാസിറ്റി കുറവാണ്. കുടി വെള്ള പദ്ധതിക്ക് മാത്രമായി ഒരു ട്രാൻസ്ഫോമർ സ്ഥാപിക്കുകയോ അല്ലെങ്കിൽ കപ്പാസിറ്റി കൂടിയ മറ്റൊരു ട്രാൻസ്ഫോമർ സ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാവുകയുള്ളു. ട്രാൻസ്ഫോമറിന്റെ പ്രശ്നം പരിഹരിക്കാതെ പ്രവർത്തന രഹിതമായ 75 എച്ച്. പി. യുടെ മോട്ടോർ സെറ്റ് മാറ്റി മറ്റൊന്ന് സ്ഥാപിച്ചാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരം ആവുകയില്ല. കെ എസ് എ ബി യും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നം ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കും..

പി ജെ ജോസഫ് എം എൽ എ