ചികിത്സയിലുള്ളവർ സുഖം പ്രാപിക്കുന്നു
തൊടുപുഴ: കഴിഞ്ഞ അഞ്ച് ദിവസമായി ജില്ലയിൽ കൊവിഡ്-19 പോസിറ്റീവ് കേസുകളൊന്നുമില്ലെന്നത് ആശ്വാസകരമാകുന്നു. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ കോൺഗ്രസ് പ്രവർത്തകന്റെ അമ്മയുടെയൊഴിച്ച് ബാക്കിയെല്ലാവരുടെയും നില തൃപ്തികരം. ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ കൂടിയായ ചുരുളി സ്വദേശിയുടെ ഏഴുപതുവയസുകാരിയായ അമ്മ മറ്റ് പല രോഗങ്ങളാലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ അതിജീവിക്കുമെന്ന് തന്നെയാണ് ആരോഗ്യപ്രവർത്തകരുടെ വിശ്വാസം. ചുരുളി സ്വദേശിയും ഭാര്യയും മകനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ബൈസൺവാലിയിലെ ഏകാദ്ധ്യാപികയുടെ തുടർച്ചയായ രണ്ട് ഫലങ്ങളും നെഗറ്റീവായി. എന്നാൽ ഇവരുടെ മകന്റെ ഫലം പോസീറ്റാവായിരുന്നു. മകന്റെ അസുഖം കൂടി ഭേദമായ ശേഷമാകും ഇവർ ആശുപത്രി വിടുക. ജില്ലയിൽ നിന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ള ആറ് പേരുടെ ഫലവും നെഗറ്റീവായത് ആശ്വാസകരമായി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിയുന്ന കുമ്പംകല്ല് സ്വദേശി സുഖം പ്രാപിച്ചുവരികയാണ്. ജില്ലയിൽ ആകെ പത്ത് പേർക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. നിലവിൽ ഏഴ് പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നിരീക്ഷണത്തിലുള്ളവർ 4,000 കവിഞ്ഞു
കൊവിഡ്- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,000 കവിഞ്ഞു. ഇന്നലെ മാത്രം 340 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ മാത്രം 4055 പേരും ആശുപത്രിയിൽ 9 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ആകെ ജില്ലയിൽ 4064 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 21 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ പരിശോധനയ്ക്കായി സാമ്പിളുകൾ എടുത്തവരുടെ എണ്ണം 285 ആയി. ഇന്നലെ 32 ഫലങ്ങളാണ് ലഭിച്ചത്. അഞ്ച് പേരുടെ തുടർ ഫലങ്ങൾ പോസിറ്റീവാണ്. 28 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.