ചെറുതോണി: സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചതോടെ പ്രമേഹവും രക്തസമ്മർദ്ദവും നോക്കാൻ കഴിയാതെ രോഗികൾ. ഹൈറേഞ്ച് മേഖലയിൽ സ്വകാര്യ ആശുപത്രികളുടെ കുറവും പരിശോധനക്ക് തടസമാകുന്നുണ്ട്. ജില്ലാ ആസ്ഥാനത്ത് ഇടുക്കി മെഡിക്കൽ കോളേജിനോട് ചേർന്ന് നിരവധി സ്വകാര്യ ലാബുകൾ ഉണ്ടെങ്കിലും ലോക്ക് ഡൗണിൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞതോടെ അവയെല്ലാം അടച്ചിട്ടിരിക്കുകയാണ്, രക്തസമ്മർദ്ദവും, പ്രമേഹവും പരിശോധിച്ച് മരുന്നുകൾ കഴിക്കുന്ന രോഗികളെയാണ് ലബോറട്ടറികൾ പ്രവർത്തിക്കാതിരിക്കുന്നത് മൂലം ഇത് സാരമായി ബാധിച്ചിരിക്കുന്നത്, ആരോഗ്യരംഗത്ത് അധികം സൗകര്യങ്ങൾ ഇല്ലാത്ത മലയോര മേഖലയിലെ ഉൾപ്രദേശങ്ങളിലുള്ള രോഗികളുടെ ആവശ്യം പരിഗണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ട് അതാത് പ്രദേശങ്ങളിലെ സൗകര്യങ്ങളുള്ള മെഡിക്കൽ ലാബുകൾ തുറന്ന് പ്രവർത്തിക്കാൻ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം