തൊടുപുഴ: സിവിൽ സപ്ലൈസും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ നമ്പർ: 114 കാഞ്ഞാർ സൂരജിന്റെ പേരിലുള്ള പൊതുവിതരണ കേന്ദ്രം സസ്‌പെൻഡ് ചെയ്തു. ഈ കേന്ദ്രത്തിൽ ആദ്യം പരിശോധന നടത്തിയ ലീഗൽ മെട്രോളജി വകുപ്പ് ത്രാസ് സ്റ്റാമ്പ് ചെയ്യാത്തതിനാൽ 2000 രൂപ പിഴ ഈടാക്കി. തുടർന്നു നടത്തിയ പരിശോധനയിൽ നിലവിലെ സ്റ്റോക്കിൽ 19 കിലോ പഞ്ചസാര, 1174 കിലോ പലവിഭാഗങ്ങളിലുള്ള പച്ചരി, ചാക്കരി, കുത്തരി കുറവാണെന്നും 516 കിലോ ഗോതമ്പ് കൂടുതലാണെന്നും കണ്ടെത്തി. നേരത്തെ ഇതേ സ്ഥലത്തുണ്ടായിരുന്ന നമ്പർ: 117 ലുള്ള പൊതുവിതരണ കേന്ദ്രം സസ്പൻഡ് ചെയ്തിനെ തുടർന്ന് ഈ കേന്ദ്രത്തിൻ കീഴിലാക്കിയിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ മാർട്ടിൻ മാനുവൽ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ.പി.അനിൽകുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അബ്ദുള്ള എം.എ., റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയൻ പി.എസ്, സ്മിത കെ.കെ. എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.
രണ്ട് കടകൾക്കെതിരെ കേസ്
സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ അമിതവില ഈടാക്കി വിൽക്കുകയും വിലവിവരപട്ടിക സൂചനാ ബോർഡ് വയ്ക്കുകയും ചെയ്യാത്ത വെങ്ങല്ലൂരിലെ ആമിനാ സൂപ്പർ മാർക്കറ്റ്, പട്ടയം കവലയിലുള്ള ബ്രദേഴ്‌സ് വെജിറ്റബിൾസ് എന്നിവക്കെതിരെയും കേസെടുത്തു. പട്ടയം കവലയിലെ ബ്രദേഴ്‌സ് വെജിറ്റബിൾസ് 20 രൂപ നിരക്കിൽ മൊത്ത വിതരണക്കാരിൽ നിന്നും വാങ്ങുന്ന പച്ചമുളക് 80 രൂപയ്ക്കാണ് വിറ്റിരുന്നത്.