bindu
ഐസൊലേഷൻ വാർഡിന് മുന്നിൽ പി.പി.ഇ കിറ്റണിഞ്ഞ് നഴ്സ് ബിന്ദുവും അറ്റൻഡർ ഫ്രെൻസിയും

തൊടുപുഴ: എന്നത്തെയും പോലെ അന്നും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയതായിരുന്നു നഴ്സ് ബിന്ദു മുകേഷ്. കൊവിഡ് ഐസൊലേഷൻ വാർഡിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറ് വരെയാണ് ജോലിസമയം. ബിന്ദു ജോലി തുടങ്ങി അൽപ്പം കഴിഞ്ഞപ്പോഴാണ് ആ വാർത്തയറിയുന്നത്. ജില്ലയിലെ ആദ്യ കൊവിഡ്- 19 പൊസീറ്റീവ് കേസ് തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് സ്ഥിരീകരിച്ചു. രോഗിയെ ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിക്കും. എല്ലാവരും തയ്യാറായി നിൽക്കാൻ നിർദേശം വന്നു. ബിന്ദുവിനെ കൂടാതെ ഫ്രെൻസി, ജയ, സന്ധ്യ എന്നീ അറ്റൻഡർമാരും ഡ്യൂട്ടിയിലുണ്ട്. നോ‌ഡൽ ഓഫീസറായി ഡോ. ജോസ്മോനും. അപ്പോഴാണ് ബിന്ദു ആ കാര്യമോർക്കുന്നത്, ഇനി 14 ദിവസത്തേക്ക് വീട്ടിൽ പോകാനാവില്ല. ജോലി കഴിഞ്ഞയുടൻ അമ്മ വീട്ടിലെത്താമെന്ന് ഒന്നാം ക്ലാസുകാരിയായ ഇളയമകൾ ലക്ഷ്മിക്ക് വാക്ക് നൽകിയാണ് വന്നത്. ഓർത്തപ്പോൾ സങ്കടം വന്നെങ്കിലും പൂർണമനസോടെ ബിന്ദു ജോലിക്ക് സജ്ജമായി. വിളിച്ചുപറഞ്ഞതനുസരിച്ച് 14 ദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും ഭർത്താവ് മുകേഷ് എത്തിച്ചു. മക്കളെ ഫോൺ വിളിച്ചുകാര്യം പറഞ്ഞു മനസിലാക്കി. പിറ്റേന്ന് മറ്റ് നഴ്സുമാരും അറ്റൻഡർമാരും ഐസൊലേഷൻ വാ‌ർഡിൽ ഡ്യൂട്ടിക്കെത്തി. അഞ്ച് വയസുള്ള മകളെ ഉപേക്ഷിച്ചാണ് ഭരണങ്ങാനംകാരിയായ ജിസയെത്തിയത്. ഇതുകൂടാതെ ഷീമോൾ, അമൽ അമ്മു, റിൻസ്, അറ്റൻഡർമാരായ ഷീജ, നിമ്മി, ജലജ എന്നിവർ മാറി മാറി ജോലി ചെയ്തു. നഴ്സിംഗ് സൂപ്പർവൈസറായ ഉഷയുടെയും ഡോ. ജോസ് മോന്റെയും പൂർണ പിന്തുണയുണ്ടായിരുന്നു. കനത്ത വേനൽചൂടിൽ നാല് മണിക്കൂർ പി.പി.ഇ കിറ്റിനുള്ളിൽ കഴിയണം. അത് കഴിഞ്ഞാൽ ഐസൊലേഷൻ വാർഡിന് മുകളിൽ വിശ്രമം. ഈ സമയം ഫോണിൽ വീട്ടുകാരെ വിളിക്കാം. എന്തായാലും ദിവസങ്ങൾക്കകം കൊവിഡിനെ തുരത്തി രണ്ട് പേരെ സുഖപ്പെടുത്തി വീട്ടിലയച്ചു ഭൂമിയിലെ ഈ മാലാഖമാർ. 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നിറഞ്ഞ സംതൃപ്തിയോടെ ഇന്നലെ ഇവർ വീട്ടിലേക്ക് മടങ്ങി. ആശുപത്രി ജീവനക്കാരെല്ലാവരും ചേർന്ന് ഇവരെ യാത്രയാക്കി.