കട്ടപ്പന: ഡയാലിസിസിനു വിധേയരാകുന്നവർ ഉൾപ്പെടെ നിർധന രോഗികളുടെ ചികിത്സയ്ക്കായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം അനുവദിച്ചു. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വരുമാനവും ഇതര സംഘടനകളുടെ സഹായവും നിലച്ചതോടെ നിർധന രോഗികൾ ബുദ്ധിമുട്ടുന്നതു സംബന്ധിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഡയാലിസിസിനു വിധേയരാകുന്നവർ, കാൻസർ രോഗികൾ, കരൾവൃക്ക മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് എന്നിവരുടെ ചികിത്സയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. നിലവിൽ ചികിത്സ നടത്തിവരുന്ന സ്വകാര്യ ആശുപത്രികളിൽ തന്നെ ഡയാലിസിസ് തുടരാം. ഈ തുക ആശുപത്രികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അറിയിച്ചു. നിർധന കുടുംബങ്ങളിലെ ഡയാലിസിനു വിധേയരാകുന്നവർക്ക് ചികിത്സ മുടങ്ങുന്ന സാഹചര്യമായിരുന്നു. ജില്ലയിൽ കട്ടപ്പന, മുരിക്കാശേരി, തൊടുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും തൊടുപുഴയിലെ തന്നെ ജില്ലാ ആശുപത്രിയിലുമാണ് ഡയാലിസിസ് നടത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ 1200 മുതൽ 1800 രൂപ വരെയാണ് ഒരുതവണ ഡയാലിസിസ് നടത്താൻ ചെലവാകുന്നു. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിനു വിധേയരാകുന്നവർക്ക് ചെലവ് താങ്ങാൻ കഴിയില്ല. ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ നിർധന രോഗികൾക്ക് കൈത്താങ്ങാകുകയാണ്.