ഒരു കോടി രൂപ കൂടി നൽകും
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ മോഡുലാർ ഓപ്പറേഷൻ തീയേറ്റർ സജ്ജീകരിക്കുന്നതിന് ഒരു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് നൽകുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഏകദേശം 70 ലക്ഷം രൂപയോളം വേണ്ടി വരും. ഇതിന്റെ എസ്റ്റിമേറ്റ് എത്രയും വേഗം തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 50 ലക്ഷം രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ആധുനിക സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുകയാണു ലക്ഷ്യം. ജില്ലാ ആശുപത്രിയിൽ എം.എൽ.എ സന്ദർശനം നടത്തി. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയതു നിർമിക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ജോസഫ് ചർച്ച നടത്തി. ഡയാലിസിസ് സൗകര്യം കൂടുതൽ പേർക്ക് ലഭ്യമാക്കുന്നതിനു ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.എൽ.എയോടൊപ്പം ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ആർ.ഡി.ഒ അതുൽ എസ്. നാഥ്, ഡി.എം.ഒ ഡോ. പ്രിയ, മെഡിക്കൽ ഓഫീസർ ഡോ. സുജ, പ്രൊഫ. എം.ജെ. ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മാനുങ്കൽ എന്നിവരും ഉണ്ടായിരുന്നു.