തൊടുപുഴ: തമിഴ്നാട്ടിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. തമിഴ്‌നാട്ടിൽ നിന്ന് ചരക്കുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണം നൽകി മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദ്ദേശിച്ചു. ചെക്പോസ്റ്റുകളിൽ ഇവർക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ലോറി ഡ്രൈവർമാരുടെ പേര് വിവരങ്ങൾ പൊലീസ് സ്റ്റേഷനിലും തൊട്ടടുത്ത പി.എച്ച്.എസി സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടറെയും അറിയിക്കണം. അടുപ്പിച്ച് ലോഡ് കൊണ്ട് പോകുമ്പോൾ വീട്ടുകാരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ആ സമയം വ്യാപാരി വ്യവസായി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവരെ ഒറ്റമുറിയിൽ താമസിപ്പിക്കും. ശേഷം 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണം. ഇതിനുള്ള സൗകര്യം ആരോഗ്യവകുപ്പ് ചെയ്യും. ലോഡ് ഇറക്കുമ്പോൾ ഡ്രൈവർ തൊഴിലാളികളുമായി യാതൊരു വിധത്തിലും സമ്പർക്കം പുലർത്തരുത്. കളക്‌ട്രേറ്റിൽ ചരക്കു വാഹ്നങ്ങളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി കളക്ടർ യോഗം ചേർന്ന ശേഷമാണ് നിർദേശങ്ങൾ നൽകിയത്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊലീസും ഫോറസ്റ്റും ഇതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോക് ഡൗൺ മറികടന്ന് ആളുകൾ ചില പരമ്പരാഗത പാതകളിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കും കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൾ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം.