ഇടുക്കി : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒക്‌സ്ഫാം, ആർഷഭാരത് എന്നീ സന്നദ്ധസംഘടനകൾ 250 അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. അരി, ഗോതമ്പ്, എണ്ണ, പഞ്ചസാര, സവാള, കിഴങ്ങ്, തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഒരാഴ്ചത്തേക്കുള്ള സാധനങ്ങളാണ് നല്കിയത്.കൂടാതെ ശുചിത്വ ബോധവത്കരണ പരിപാടികൾ,സാനിറ്റൈസറുകൾ, കൈയ്യുറ, മാസ്‌ക് എന്നിവയുടെ വിതരണം ജീവനോപാധികളുടെ വീണ്ടെടുപ്പ് തുടങ്ങിയ വിവിധ പരിപാടികളാണ് ഒക്‌സ്ഫാം സംഘടന പദ്ധതിയിടുന്നത്.ജില്ലാ കളക്ടർ എച്ച് ദിനേശൻ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ വികെ നവാസ്, സർക്കിൾ ഇൻസ്‌പെക്ടർ ബി ജയൻ, അബ്ദുൾ നൂർ സി.കെ, സിജോ തോമസ്, സുസ്മി സണ്ണി , സന്തോഷ് മാത്യു, തുടങ്ങിയവർ പങ്കെടുത്തു.