കട്ടപ്പന: ലോക്ക് ഡൗൺ നിർദേശങ്ങൾ മറികടന്ന് കട്ടപ്പന നഗരത്തിൽ ഇന്നലെ ജനക്കൂട്ടം. ഈസ്റ്റർ ഒരുക്കങ്ങൾക്കായി അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ വാഹനങ്ങളുമായി എത്തിയതോടെ മാർക്കറ്റുകളിലടക്കം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ നഗരത്തിലുടനീളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. ലോക്ക് ഡൗൺ ആരംഭിച്ച ആദ്യ മൂന്നുദിവസം ലാത്തിച്ചാർജ് അടക്കം നടത്തിയിരുന്നതിനാൽ പിന്നീട് അനാവശ്യമായി ആളുകൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞിരുന്നു. പൊലീസ് നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സമീപനമായിരുന്ന ജനങ്ങൾക്ക്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയടക്കം കർശനമാക്കിയിരുന്നു. ഇതോടെ രണ്ടുദിവസമായി പോലീസ് പരിശോധനയിൽ അയവുവരുത്തിയിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇന്നലെ നിരവധി വാഹനങ്ങളാണ് നഗരത്തിലെത്തിയത്. വിവിധ കേന്ദ്രങ്ങളിൽ മതിയായ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലില്ലാതിരുന്നതും വിനയായി. കെ.എസ്.ഇ.ബി. ജംഗ്ഷൻ, ഇടുക്കിക്കവല, സ്‌കൂൾക്കവല എന്നിവിടങ്ങളിൽ കാര്യമായ പരിശോധനയും ഉണ്ടായിരുന്നില്ല. പിന്നീട് പൊലീസ് എത്തി ജനക്കൂട്ടം നിയന്ത്രിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതുമായി ബന്ധപ്പെട്ട് 10 കേസുകൾ കട്ടപ്പന പോലീസ് രജിസ്റ്റർ ചെയ്തു. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.