manesh
കാറിൽ പൊതിച്ചോറുമായി കട്ടപ്പനയിലെത്തിയ മനേഷ് വിജയൻ, ആവശ്യക്കാരെ കണ്ടെത്താൻ 'ഭക്ഷണം കഴിച്ചോ' എന്നെഴുതിയ ബോർഡുമായി സെൻട്രൽ ജംഗ്ഷനിൽ നിലയുറപ്പിച്ചപ്പോൾ.

കട്ടപ്പന: 'ഭക്ഷണം കഴിച്ചോ' എന്ന ബോർഡും കൈയിൽ പിടിച്ച് മുഖാവരണവും ധരിച്ച് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽപൊതിച്ചോറുമായി മനേഷുണ്ട്. തയാറാക്കി കൊണ്ടുവന്ന 20 പൊതിയും അര മണിക്കൂറിനുള്ളിൽ തീർന്നപ്പോൾ ഈ യുവാവിന്റെ ശ്രമം കരുതലിന്റെ മറ്റൊരു അദ്ധ്യായമായി. കുന്തളംപാറ ചള്ളവയലിൽ മനീഷ് വിജയനാണ് സ്വന്തം പണം മുടക്കി തയാറാക്കിയ ഭക്ഷണം ആവശ്യക്കാർക്ക് എത്തിച്ചുനൽകിയത്. ചെറുതോണി ഗിരിജ്യോതി കോളജിലെ ലൈബ്രറിയനായ മനീഷ് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിച്ച് അമ്മ ഉഷയുടെ സഹായത്തോടെ പാകം ചെയ്ത് പൊതികളാക്കിയ ശേഷം കാറിൽ നഗരത്തിലെത്തി വിതരണം ചെയ്യുകയായിരുന്നു.
ആവശ്യക്കാരെ വേഗത്തിൽ കണ്ടെത്താൻ 'ഭക്ഷണം കഴിച്ചോ' എന്നെഴുതിയ ബോർഡുമായി സെൻട്രൽ ജംഗ്ഷനിൽ നിലയുറപ്പിച്ചു. ബോർഡ് കണ്ടും വാങ്ങിയവർ പറഞ്ഞറിഞ്ഞും നിരവധി പേർ മനേഷിനെ തേടിയെത്തി. വരും ദിവസങ്ങളിലും പൊതിച്ചോറ് എത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. അച്ഛൻ സി.ബി. വിജയൻ ഡൽഹി പൊലീസിൽ എസ്.ഐയാണ്. സുമനസുകൾ പൊതിച്ചോർ തയാറാക്കി നൽകിയാൽ അതും വിതരണം ചെയ്യാൻ മനേഷ് സന്നദ്ധനാണ്. പൊതിച്ചോർ നൽകാൻ താൽപര്യമുള്ളവർ മനീഷിനെ ബന്ധപ്പെടണം. ഫോൺ: 9495422888.