തൊടുപുഴ: ചീട്ടുകളിച്ച് കൊണ്ടിരിക്കെ പിടികൂടിയ സംഘത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥനേയും പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവിനേയും ഒഴിവാക്കിയ സംഭവം ഡംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പിടിക്കപ്പെട്ട സംഘത്തിൽ പൊലിസ് ഉദ്യോഗസ്ഥനും പാർട്ടി നേതാവും ഉൾപ്പെട്ടതോടെ കേസിൽ ഒരാളെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ രക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത് എന്നുള്ള ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം തൊടുപുഴക്ക് സമീപത്തുള്ള പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.ചീട്ട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പൊലിസ് പിടികൂടിയിരുന്നു.ചുരുക്കം ചിലർ പോലീസിനെ കണ്ട് അടുത്തുള്ള പുഴയിൽ ചാടി രക്ഷപെട്ടു. എന്നാൽ പൊലീസിനെ കണ്ട് ഓടി മറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉൾപ്പെടെ രണ്ട് സ്കൂട്ടറുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടികൂടിയവരെ സ്റ്റേഷനിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥനും പാർട്ടി നേതാവും ഉൾപ്പെട്ടിരുന്നതായി മനസ്സിലായത്.തുടർന്ന് അവരെയെല്ലാം കേസിൽ നിന്നും ഒഴിവാക്കി ഒരാളെ മാത്രം പ്രതി ചേർത്ത് വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയായിരുന്നു.