തൊടുപുഴ: കൊവിഡ് 19 ബാധിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന രണ്ട് പേരുടെ രോഗം ഭേദമായി. ഇതൊടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം അഞ്ചായി. കൊറോണ പോസിറ്റീവായ അഞ്ച് പേരാണ് ഇനി ജില്ലയിൽ ചികിത്സയിലുള്ളത്.
കോൺഗ്രസ് നേതാവിൽ രോഗം പകർന്ന ചുരുളി സ്വദേശിയുടേയും ബൈസൺവാലി സ്വദേശിയായ അദ്ധ്യാപികയുടേയും രോഗമാണ് ഭേദമായത്. ഇവരുടെ രണ്ടും മൂന്നും സ്രവപരിശോധനാ ഫലങ്ങളാണ് നെഗറ്റീവായിരിക്കുന്നത്. മെഡിക്കൽ ബോർഡ് ചേർന്നതിന് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്യുന്നതിനേക്കുറിച്ച് തീരുമാനമെടുക്കും.
ചുരുളി സ്വദേശിയുടെ അമ്മയും ഭാര്യയും മകനും ബൈസൺവാലി സ്വദേശിയുടെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇടുക്കി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കൊവിഡ് 19 ബാധിതൻ തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.