ഇടുക്കി: സൗജന്യപി.എസ്.സി പരിശീലനം കേന്ദ്രം അടച്ചപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാതെ ഒരു കൂട്ടം യുവജനങ്ങൾ. വട്ടവടയിലെ 15 ചെറുപ്പക്കാർ, 11 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് ലക്ഷ്യബോധത്തോടെ നീങ്ങിയത്.. കുടുംബശ്രീയുടെ സഹായത്തോടെ സൗജന്യപി.എസ്.സി പരിശീലനം നേടി വരുന്ന അവസരത്തിലാണ് നാടെങ്ങും ഭീതി പരത്തി കൊവിഡിന്റെ വരവ്. അതോടെ സെന്റർ അടച്ചു. എന്നാൽ കൊവിഡ് വൈറസും അതിന്റെ ഭീതിയും ലോക്ക് ഡൗൺ കാലത്തെ വീട്ടിലെ അടച്ചിരുപ്പുമൊന്നും ഇവരുടെ ആത്മവിശ്വാസത്തെയും ലക്ഷ്യബോധത്തെയും ഒട്ടും തന്നെ പോറലേൽപ്പിച്ചിട്ടില്ല. കുടുംബശ്രീയുടെ സഹായത്തോടെ പരിശീലനം വാട്ട്‌സ് ആപ് ഗ്രൂപ്പു വഴിയാക്കി പഠനം. അടുത്ത എൽ.ഡി.സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ കടന്നു കൂടണം. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഗ്രാമീണ വിജ്ഞാനകേന്ദ്രത്തിലെ പി.എസ്.സി കോച്ചിംഗ് സെന്ററിലെ ഉദ്യോഗാർത്ഥികളാണ് ലോക്ക് ഡൗൺ കാലത്ത് പി.എസ്.സി പരീക്ഷാ പരിശീലനം കൈവിടാതെ വാട്ട്‌സാപ്പ് ഗ്രൂപ്പു വഴി പഠനം തുടരുന്നത്. എല്ലാവരും സ്വന്തം വീടുകളിലിരുന്നാണ് പഠനവും പരീക്ഷയുമെല്ലാം. കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ടീമിന്റെ നേതൃത്വത്തിലാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്. ഇവിടെ പി.എസ്.സി പരിശീലനത്തിനെത്തുന്ന വരിലേറെയും തമിഴരാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഏറെയും. ഇവരുടെ രക്ഷിതാക്കളിൽ നല്ലൊരു വിഭാഗവും കൂലിപ്പണിക്ക് പോയും കൃഷിപ്പണികളിലേർപ്പെട്ടും കുടുംബം പുലർത്തുന്നവരാണ്. പെൺകുട്ടികളെ വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്ത് അയക്കുന്നതിനാൽ അവർക്ക് വിദ്യാഭ്യാസ രംഗത്ത് ഒട്ടും തന്നെ മുന്നേറാൻ കഴിയാത്ത സ്ഥിതിയാണ്. ഈ അവസ്ഥ മാറ്റിയെടുക്കുന്നതിനും ഇവിടെയുള്ള കുട്ടികൾക്ക് ആവശ്യമായ പരിശീലനവുംആത്മവിശ്വാസവും നൽകി അവർക്ക് സർക്കാർ ജോലി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് പി.എസ്.എസി. കോച്ചിംഗ് സെന്റർഎന്ന ആശയം. ഓരോ ദിവസവും ഏതെല്ലാം വിഷയങ്ങളിലാണ് പരീക്ഷ നടത്തുക എന്നതിനെ സംബന്ധിച്ച് അതിന്റെ പാഠ്യഭാഗങ്ങൾ കുടുംബശ്രീയിൽ നിന്ന് ഈ വാട്ട്‌സാപ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുക്കും. പിറ്റേന്ന് വൈകിട്ട് അഞ്ചിന് പരീക്ഷ നടത്തും. ഇപ്പോഴും പഠനവും പരീക്ഷയും ഇവർ തുടരുകയാണ്.