ഇടുക്കി: കൊവിഡ്- 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ച്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അഗ്രോ സർവീസ് സെന്റർ ഉപ്പുതറ, മോഡൽ അഗ്രോ സർവീസ് സെന്റർ തൊടുപുഴ, കട്ടപ്പന ഹരിത ഗ്രൂപ്പ്, അസോസിയേഷൻ ഒഫ് അഗ്രികൾച്ചറൽ ഓഫീസേഴ്‌സ് കേരള ഇടുക്കി ബ്രാഞ്ച് തുടങ്ങിയവർ പൈനാപ്പിൾ കർഷകരുമായി ചേർന്നാണ് പൈനാപ്പിൾ ചലഞ്ച് ആവിഷ്‌കരിച്ചിരിക്കുന്നത്. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ പൈനാപ്പിൾ ചലഞ്ച് നടന്നു. ഒരു കിലോ എ ഗ്രേഡ് പൈനാപ്പിൾ 20 രൂപയ്ക്കാണ് വിപണനം ചെയ്തത്. 1750 കിലോ പൈനാപ്പിളാണ് തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് പൈനാപ്പിൾ ചലഞ്ചിന്റെ ആദ്യ ദിനത്തിൽ കട്ടപ്പനയിൽ എത്തിച്ചത്. വളരെ പെട്ടെന്നാണ് പൈനാപ്പിൾ വിറ്റുപോയത്. ബുക്ക് ചെയ്ത പലർക്കും അത്ര തന്നെ കൊടുക്കാൻ തികഞ്ഞില്ല.
നിശ്ചലമായ പൈനാപ്പിൾ വ്യവസായം
പൈനാപ്പിൾ വിപണനത്തിന്റെ ആസ്ഥാനമായ വാഴക്കുളത്തേക്ക് തൊടുപുഴ, കോതമംഗലം, പിറവം, കുത്താട്ടുകുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് പൈനാപ്പിൾ എത്തി ചേരുന്നത്. ദിവസവും 1200 ടൺ പൈനാപ്പിളാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. കൊവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഇത് പൂർണമായും നിശ്ചലമായ അവസ്ഥയാണ്. പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് കർഷകർക്ക് കൈതാങ്ങാകാൻ പൈനാപ്പിൾ ചലഞ്ചിന് ചുക്കാൻ പിടിച്ച് കൃഷി വകുപ്പ് കർമ്മനിരതമായത്.
''100 കിലോയിലധികം പൈനാപ്പിൾ ബുക്ക് ചെയ്യുന്ന കട്ടപ്പന ബ്ലോക്ക് പരിധിയിലുള്ള സംഘടനകൾ, വ്യക്തികൾ, പഴം പച്ചക്കറി സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് തൊടുപുഴയിൽ നിന്ന് കട്ടപ്പനയിലെത്തിച്ച് നൽകുന്നതാണ് പദ്ധതി. ഇതോടൊപ്പം ഹൈറേഞ്ചിലെ കർഷകരുടെ പച്ചക്കറി, പഴവർഗ ഉത്പന്നങ്ങൾ ലോ റേഞ്ചിലേക്ക് കയറ്റി അയക്കാനും ലക്ഷ്യമിടുന്നുണ്ട്. വിപണന സൗകര്യം ആവശ്യമുള്ള കർഷകർ വിളവെടുപ്പിന് പാകമാകുന്നതിന് രണ്ടാഴ്ച മുമ്പ് അതത് കൃഷി ഭവനുകളുമായി ബന്ധപ്പെടാം""
-സൂസൻ ബെഞ്ചമിൻ
(കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടർ)