തൊടുപുഴ:കൊവിഡ് -19 നെ തുടർന്നുള്ള അതീവ ജാഗ്രതയിലും ജില്ലയിലെ 17, 000 ൽപ്പരം ബാലസഭാംഗങ്ങൾ വികൃതികൾക്കൊപ്പം സർഗ്ഗാൽമകമായ കഴിവുകൾ ഉപയോഗിക്കുന്ന കാഴ്ച്ചയാണ് ജില്ലയിലാകമാനം. മാർച്ച് 28 മുതൽ ഏപ്രിൽ14 വരെയുള്ളയുള്ള 18 ദിവസങ്ങളിൽ കുട്ടികൾക്ക് വ്യക്തിത്വ വികാസത്തിനും പുതിയ അറിവുകൾ സമ്പാദിക്കുന്നതിനുമായി കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച "അകം പുറം നന്നായി" എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന ബാലസഭാംഗങ്ങൾ സർഗ്ഗാൽമകമായ വിവിധ പഠനപ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്നത്.പുറത്തു പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും സാധിക്കാതെ വീടുകളിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് അവരുടെ വിരസത ഒഴിവാക്കുന്നതോടൊപ്പം ഏറ്റവും ഗുണകരമായ രീതിയിൽ ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുക എന്നതാണ് കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നതും. കുടുംബശ്രീ ബാലസഭാംഗങ്ങളായ അഞ്ചു മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കൂട്ടുകാർക്കു വേണ്ടിയാണ് ഏറെ ദീർഘവീക്ഷണത്തോടെയുള്ള ഈ ദൗത്യം നടപ്പിലാക്കുന്നത്. പ്രത്യേകം തയ്യാറാക്കി നൽകിയ കലണ്ടർ അനുസരിച്ചാണ് കുട്ടികളുടെ ഓരോ ദിവസത്തെയും പ്രവർത്തഞങ്ങൾ നടന്ന് വരുന്നത്.
കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, ബാലസഭാ റിസോഴ്സ് പേഴ്സൺമാർ, ബാലപാർലമെന്റ് അംഗങ്ങളായ കുട്ടികൾ എന്നിവർ ഉൾപ്പെട്ട വാട്ട്സാപ് ഗ്രൂപ്പുകളിലേക്ക് ഈ കാമ്പയിൻ സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ടാണ് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നത്. ഓരോ ദിവസവും കുട്ടികൾ ചെയ്യുന്ന പ്രവർത്തികൾ സംബന്ധിച്ചുള്ള റിപ്പോർട്ട് അതാത് ദിവസം വൈകുന്നേരംവാട്ട്സാപ്പിലൂടെ സി.ഡി.എസ് വഴിയാണ് ശേഖരിക്കുന്നതും. തുടർന്ന് സി.ഡി.എസ് ഓരോ ദിവസത്തെയും റിപ്പോർട്ടുകൾ ജില്ലാമിഷന് കൈമാറും. ഈ പ്രവർത്തനങ്ങൾ ബാലസഭയിലെ കുട്ടികൾ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് സാമൂഹിക ഒരുമ കാത്തു സൂക്ഷിക്കുന്നതിൽ ബാലസഭാംഗങ്ങൾ അതീവശ്രദ്ധ നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ കൊറോണക്കാലത്തെ ഗൃഹവാസം വിജ്ഞാന വിപുലീകരണത്തിനുള്ള ഏറ്റവും മികച്ച അവസരമായി മാറ്റുകയാണ് ഈ വികൃതിക്കൂട്ടങ്ങൾ.