ഇടുക്കി: ജില്ലയിലെ മത്സ്യ വിപണന കേന്ദ്രങ്ങളിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ 100 കിലോയോളം പഴകിയതും മായം കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പല കടകളിൽ നിന്നായി ചൂര- 65 കിലോ, ചെമ്മീൻ- 20 കിലോ, കലവ- 18 കിലോ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. തൊടുപുഴ, മുട്ടം, അണക്കര ,കുമളി, ഏലപ്പാറ, മുരിക്കാശേരി, ചെറുതോണി, തങ്കമണി, കട്ടപ്പന, ഇരുപതേക്കർ , തൂക്കുപാലം, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മായം കലർന്ന മത്സ്യങ്ങൾ വിപണനം നടത്തുന്നുവെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ നാലു ദിവസങ്ങളിലായി ജില്ലയിലുടനീളമുള്ള മത്സ്യ വിപണന കേന്ദ്രങ്ങളിൽ അധികൃതർ വ്യാപക പരിശോധന നടത്തി. മത്സ്യലഭ്യത കുറവായതിനാൽ ഭൂരിഭാഗം കടകളും തുറന്ന് പ്രവർത്തിച്ചിരുന്നില്ല. പ്രവർത്തിച്ചു വന്നവയിൽ നടത്തിയ പരിശോധനയിൽ ശരിയായ രീതിയിൽ ഐസിട്ട് സൂക്ഷിച്ച മത്സ്യങ്ങളേ വിപണനം നടത്താവൂ എന്നും 1:1 എന്ന അനുപാതത്തിൽ ഐസ് ഇട്ട് മത്സ്യം സൂക്ഷിക്കണമെന്നും വ്യാപാരികൾക്ക്
കർശന നിർദ്ദേശം നൽകി. വരും ദിവസളിലും പരിശോധന തുടരും. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ പി.എസ്. ഷെനൂബ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർമാരായ സന്തോഷ്, ഐശ്വര്യ, ആൻമരിയ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.