ഇടുക്കി: ലോക്ക് ഡൗൺ കാലയളവിൽ തികച്ചും പരിസ്ഥിതി സൗഹാർദ്ദപരമായി പ്രത്യേകം തയ്യാറാക്കിയ പേപ്പർ കവറുകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിന്റെ തിരക്കിലാണ് കൃഷി വകുപ്പ് ജീവനക്കാർ. ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പദ്ധതിയിലൂടെ കർഷകർക്ക് പച്ചക്കറിവിത്ത് എത്തിക്കുന്നതിന്റെ ഭാഗമായി അഗ്രോ സർവീസ് സെന്റർ ഉപ്പുതറ സെന്ററിന് വേണ്ടി കട്ടപ്പന എഡിഎ ഓഫിസിലെ ബ്ലോക്ക് ടെക്‌നോളജി മാനേജർ റിനാസും കുടുംബവുമാണ് പേപ്പർ പായ്ക്കറ്റുകൾ തയ്യാറാക്കിയത്. കർഷകരിൽ നിന്ന് തന്നെ ശേഖരിച്ച നാടൻ പച്ചക്കറി വിത്തുകളാണ് പായ്ക്ക് ചെയ്ത് എല്ലാ മേഖലകളിലുള്ള ആളുകളിൽ എത്തിച്ചു നൽകുന്നത്. പാവൽ, അച്ചിങ്ങ പയർ, ഇഞ്ചിപ്പയർ, വാളരിങ്ങ പയർ, നിത്യവഴുതന, കുറ്റി ബീൻസ്, കുമ്പളം, സുന്ദരിച്ചീര, തക്കാളി, വഴുതന എന്നിവയുടെ വിത്താണ് പായ്ക്കറ്റിലുള്ളത്. ഇത്തരത്തിൽ 2200 വിത്തു പായ്ക്കറ്റുകളാണ് തയ്യാറാക്കി വീടുകളിലും സ്ഥാപനങ്ങളിലുമായി വിതരണം ചെയ്തു വരുന്നത്. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് ജീവനക്കാർ നേരിട്ടാണ് ഇവ എത്തിക്കുന്നത്. കട്ടപ്പന കൃഷി അസിസ്റ്റന്റ് കാര്യാലയത്തിനു കീഴിൽ ഏഴ് കൃഷിഭവനുകളാണുള്ളത്. ലോക്ക് ഡൗൺ പച്ചക്കറി കൃഷിക്കായി വി.എഫ്.പി.സി.കെയിൽ നിന്നും 34000 പായ്ക്കറ്റ് പച്ചക്കറി കിറ്റുകളാണ് എത്തിച്ച് പഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി പടവലം, പയർ വിത്തുകളടങ്ങിയ 17,000 പായ്ക്കറ്റുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ലഭ്യമായ പച്ചക്കറി തൈകളും വിതരണം ചെയ്തു വരുന്നുണ്ട്. ഇത്തരത്തിൽ ലോക്ക് ഡൗൺ ദിനങ്ങളിൽ പൊതുജനങ്ങളെ പച്ചക്കറി കൃഷിയിലേക്ക് ആകർഷിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതോടൊപ്പം സംസ്ഥാനത്തെ കോവിഡ് അതിജീവനത്തിലേക്കും പച്ചക്കറി സ്വയംപര്യാപ്തതയിലേക്കും നയിക്കുകയാണ് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്.