രാജകുമാരി: പഞ്ചായത്ത് പരിധിയിൽ കൊവിഡ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി ഇരുപത്തിനാല് മണിക്കൂർ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. വയോജനങ്ങൾ, വിവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, പൂർണമായും സുരക്ഷിതമായ വാസസ്ഥലങ്ങൾ ഉറപ്പാക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിങ്ങനെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് ആവശ്യമായ അടിയന്തര സേവനങ്ങൾ ലഭ്യമാക്കുകയാണ് ഹെൽപ് ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. ഹെൽപ് ഡെസ്‌കിന്റെ സേവനം ആവശ്യമുള്ളവർക്ക് 9446350647, 9961007590, 8281584338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു അറിയിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണാണ് ഹെൽപ് ഡെസ്‌കിന് നേതൃത്വം നൽകുന്നത്. ഫീൽഡ് പ്രവർത്തനങ്ങൾക്കായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തലകമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട്. ഫീൽഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെകടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്, ആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും.