onayi

കരിമണ്ണൂർ: വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അവശാനാണെങ്കിലും കരിമണ്ണൂരുകാരുടെ സ്വന്തം ഓനായി ചേട്ടന് ഇപ്പോഴും പൊതുപ്രവർത്തകന്റെ മനസാണ്. കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഈസ്റ്റർ ദിനത്തിലെയടക്കം നാല് ദിവസത്തെ ഭക്ഷണം സ്‌പോൺസർ ചെയ്താണ് രോഗാവസ്ഥയിലും തന്റെ പൊതുപ്രവർത്തന മനസ് അദ്ദേഹം പ്രകടിപ്പിച്ചത്. കരിമണ്ണൂർ പഞ്ചായത്തിലെ 1988- 93 കാലഘട്ടത്തിലെ മെമ്പറായിരുന്നു ഏഴുമുട്ടം തുറക്കൽ ഉലഹന്നാൻ എന്ന നാട്ടുകാരുടെ ഓനായി ചേട്ടൻ.
നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ഓടിയെത്തുമായിരുന്നു ഓനായിച്ചേട്ടൻ. 93 വയസിലെത്തിയെങ്കിലും ഇന്നും ജനങ്ങളോടുള്ള സ്‌നേഹവാത്സല്യങ്ങൾക്ക് ഒരു കുറവുമില്ല. പ്രായത്തിന്റെ ശാരീരിക പ്രശ്‌നങ്ങളൊന്നും അദ്ദേഹം കാര്യമായി എടുക്കുന്നില്ല. നാട്ടിലെ കാര്യങ്ങളെല്ലാം മുടക്കം കൂടാതെ ചോദിച്ചറിയുന്നു. അങ്ങനെയാണ് വാർഡ് മെമ്പർ ടോജോ പോളിനെ കണ്ടപ്പോൾ പഞ്ചായത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചനെപ്പറ്റി അറിയുന്നത്. അറിഞ്ഞപ്പോൾ തന്നെ നാല് ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള തുകയും ഈസ്റ്റർ ദിവസത്തെ വിശേഷാൽ ഭക്ഷണവും നൽകാമെന്ന് ഏറ്റു. ഇതിന്റെ ചിലവിലേക്കുള്ള തുക പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ വീട്ടിലെത്തി ഓനായി ചേട്ടനിൽ നിന്ന് ഏറ്റുവാങ്ങി. ഭാര്യ റോസക്കുട്ടി, മക്കളായ ടി.യു. ജോസ്, ടി.യു. ഫ്രാൻസിസ്, ടി.യു. ജോർജ്, ടി.യു. ജോൺസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.