തൊടുപുഴ: ലോക്ക് ഡൗൺ കാലത്ത് വിശ്രമമില്ലാതെ പണിയെടുത്ത ആരോഗ്യവകുപ്പിലെയും പൊലീസിലെയും മറ്റു ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും മനസാക്ഷി ഉണ്ടെങ്കിൽ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യ രംഗത്ത് ഇന്ന് ലഭ്യമായ മികവ്, വകുപ്പ് ഭരിച്ച മുൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയുമടക്കം എല്ലാവർക്കും അവകാശപ്പെട്ടതാണ്. കൊവിഡ്- 19 ഭീതി അകലുമ്പോൾ എല്ലാവർക്കും വേണ്ടി ജോലി ചെയ്ത ഇത്തരം ഉദ്യോഗസ്ഥരെ പിന്നീട് മറന്നു പോകുന്ന അവസ്ഥ ഉണ്ടാകരുത്. ഇതോടൊപ്പം രോഗസാദ്ധ്യയത അവഗണിച്ച് നിത്യേന മാധ്യമപ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാർക്കും ലോക്ക് ഡൗൺ ആനുകൂല്യം ലഭ്യമാക്കണം. പ്രതിമാസം നാമമാത്രമായ കൂലിക്ക് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മറ്റു കടകളിലും ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും നഷ്ടമായ ശമ്പള തുകയെങ്കിലും നൽകണം. പ്രതിസന്ധിയിലായ കാർഷികമേഖലയെ സംരക്ഷിച്ച് നിലനിറുത്താൻ ഉദ്യോഗസ്ഥ തലത്തിൽ സമിതി രൂപീകരിച്ചു ശുപാർശകൾ സ്വരൂപിക്കണം. ജില്ലയ്ക്ക് സർക്കാർ മുമ്പ് പ്രഖ്യാപിച്ച 6000 കോടി രൂപയുടെ പാക്കേജിന് പുറമേ കൊവിഡ്- 19 കാലഘട്ടത്തിൽ കർഷകർ ഏറ്റുവാങ്ങിയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജ് തുകയും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.