 രണ്ട് പേർക്ക് രോഗം ഭേദമായി,

രണ്ട് പേർ ആശുപത്രി വിട്ടു

തൊടുപുഴ: ഇന്നലെ കൊവിഡ് 19 ചികിത്സയിലുള്ള രണ്ട് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം രോഗം ഭേദമായ ചുരുളി സ്വദേശിയുടെ ഭാര്യ, ബൈസൺവാലി സ്വദേശിയായ അദ്ധ്യാപികയുടെ മകൻ എന്നിവരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ നിന്ന് അദ്ധ്യാപികയും മകനും ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ രോഗത്തിൽ നിന്ന് മുക്തരായവരുടെ എണ്ണം ഏഴായി. ഇതിൽ ബ്രിട്ടീഷ് പൗരന്റെ രോഗം ഭേദമായത് കളമശേരി മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. ഒരാഴ്ചയായിട്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും ജില്ലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ബാക്കിയുള്ള മൂന്ന് രോഗികളുടെ തുടർ പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസം പകരുന്നുണ്ട്. ഒരു പരിശോധനാഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാം.
ചുരുളി സ്വദേശിയുടെ എഴുപതുകാരിയായ അമ്മ, പത്തുവയസുകാരൻ മകൻ, നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ കുമ്പംകല്ല് സ്വദേശി എന്നിവരുടെ അവസാന ഘട്ട പരിശോധനാ ഫലങ്ങളാണ് ഇനി വരാനുള്ളത്. ബ്രിട്ടീഷ് പൗരനുൾപ്പടെ പത്ത് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15ന് മൂന്നാർ ടീകൗണ്ടിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിലിരുന്നവരെ വളരെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. മാർച്ച് 25ന് ദുബൈയിൽ നിന്നെത്തിയ കുമാരമംഗലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റൊരാളുമായും സമ്പർക്കമില്ലാത്തത് ആശ്വാസമായി. എന്നാൽ തൊട്ടടുത്ത ദിവസം രോഗം സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ സഞ്ചാരപാഥ നിയമസഭാ മന്ദിരം വരെ നീണ്ടു കിടക്കുന്നതായിരുന്നു. ഇത് അൽപ്പം ആശങ്കയുണ്ടാക്കിയെങ്കിലും അദ്ദേഹവുമായി സമ്പർക്കത്തിലിരുന്നവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പിനായി. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ആറ് പേർക്ക് കൂടി രോഗം പകർന്നെങ്കിലും ഇവരെയെല്ലാം നേരത്തേ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത കുമ്പംകല്ല് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ല കൂടുതൽ ജാഗ്രതയിലായി. രോഗികളുമായി സമ്പർക്കത്തിലിരുന്ന ഭൂരിഭാഗം പേരുടെയും പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.