car

പീരുമേട്: കെ.കെ റോഡിൽ പീരുമേട് ജംഗ്ഷനിൽ മത്തായിക്കൊക്കയ്ക്ക് സമീപം കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പത്രഏജന്റും സഹോദരനും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. പത്ര ഏജന്റായ അരുൺ പ്രസാദും രഞ്ചിത്തുമാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. പത്രത്തിന്റെ വരിസംഖ്യ വാങ്ങാനായി പീരുമേട്ടിൽ പോയ ശേഷം തിരികെ പഴയ പാമ്പനാറിലെ സ്വന്തം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ശക്തമായ മഴയിൽ കല്ലും മണ്ണും ഇടിഞ്ഞ് ഇവരുടെ കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടെന്ന് വാഹനം നിറുത്തിയതിനാലാണ് അപകടം ഒഴിവായത്. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് പത്രവിതരണം നടത്തുന്നതും ഇരുവരും ചേർന്നാണ്‌.