munnar3

മൂന്നാർ: മൂന്നാറിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുതലാണ് മൂന്നാർ പൂർണമായും അടച്ചട്ടത്. മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകളും ഒഴികെ ബാക്കിയെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാറിൽ അടഞ്ഞു കിടക്കും. നിരോധനജ്ഞ നിലനിൽക്കുമ്പോഴും നിർദ്ദേശങ്ങൾ ലംഘിച്ച് ആളുകൾ മൂന്നാറിൽ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടെ സമ്പൂർണ അടച്ചിൽ പ്രഖ്യാപിച്ചത്. സബ് കളക്ടറുടെയും ടാറ്റാ കമ്പനി അധികൃതരുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും നേതൃത്വത്തിൽ ബുധനാഴ്ച നടന്ന യോഗത്തിലായിരുന്നു മൂന്നാർ സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിക്കാൻ തീരുമാനമായത്. നാടിന്റെ നന്മയെ കരുതി അടച്ചിടുന്നതിൽ പൂർണമായും സഹകരിക്കുമെന്ന് വ്യാപാരികൾ പ്രതികരിച്ചു. അതേസമയം സമ്പൂർണ ലോക്ക്ഡൗൺ വിവരം അറിഞ്ഞതോടെ അവശ്യ സാധനങ്ങൾ വാങ്ങാൻ ഇന്നലെ വലിയ തിരക്കാണ് മൂന്നാർ ടൗണിൽ അനുഭവപ്പെട്ടത്. ലോക്ക് ഡൗൺ നീളുമോയെന്ന് ആശങ്കയിലായിരുന്നു പലരെയും സാധനങ്ങൾ വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. ടൗണിൽ ഇറങ്ങിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നന്നെ പാടുപെട്ടു. മുഴുവൻ വ്യാപാര ശാലകളും അടച്ചുപൂട്ടി എന്ന് ഉറപ്പാക്കിയ ശേഷമാണ് സബ് കളക്ടർ അടക്കമുള്ളവർ മൂന്നാറിൽ നിന്ന് മടങ്ങിയത്. തമിഴ്‌നാട്ടിൽ കോവിഡ് രോഗബാധ ഏറിവരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ കൂടിയാണ് മൂന്നാറിൽ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ളത്.