കുടയത്തൂർ: പഞ്ചായത്തിലെ മുതിയാമല കുരിശുപാറയുടെ താഴെ ഭാഗത്തുനിന്നും കൂറ്റൻ പാറ അടർന്ന് താഴേക്ക് പതിച്ചു.പാറ ഉരുണ്ട് വന്ന 500 മീ. ഭാഗത്ത് വീടുകൾ ഇല്ലായിരുന്നു. എന്നാൽ ഇതിന് താഴെയായി ആൾതാമസമുള്ള ഇരുപതോളം വീടുകൾ ഉണ്ടായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച്ച രാത്രി 8 നാണ്‌ സംഭവം.കുടയത്തൂർ ആനക്കയം കാഞ്ഞാർ വെള്ളിയാമറ്റം ഭാഗങ്ങളിലായി വിസ്തൃതമായിട്ടുള്ള പാറയിൽ നിന്നാണ് കൂറ്റൻ കഷ്ണം അടർന്ന് താഴേക്ക് പതിച്ചത്.തുരുത്തേൽ തൊമ്മൻ, വൻഡ്രുകുന്നേൽ അഗസ്റ്റിൻ, നരിമറ്റം കുന്നേൽ ഉണ്ണിപിള്ള എന്നിവരുടെ പറമ്പിലെ തേക്ക്, ആഞ്ഞിലി, വാഴ, ഇഞ്ചി, കുരുമുളക്, പൈനാപ്പിൾ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ നശിച്ചു.വ്യാഴാഴ്ച്ച രാത്രി ഇടിമുഴക്കം പോലെ വലിയ ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.കുടയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പുഷ്പ വിജയൻ, വൈസ് പ്രസിഡന്റ് സാബു മാത്യു, സെക്രട്ടറി ശ്രീകല, കാഞ്ഞാർ പൊലീസ്, മൂലമറ്റം ഫയർ ഫോഴ്സ് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.