തൊടുപുഴ: ''ഇച്ചിരി മീൻ ചാറെങ്കിലും ഇല്ലെങ്കിൽ എങ്ങനെ ചോറുണ്ണാനാടാവേ..."" ഇങ്ങനെയാണ് ഇടുക്കികാർ ചോദിക്കുന്നത്. ഏതൊരു മലയാളിയെയും പോലെ ഇടുക്കിക്കാരന്റെയും തീൻമേശയിലെ മുഖ്യവിഭവമാണ് മീൻ. മീനില്ലെങ്കിൽ ചോർ ഇറങ്ങില്ലെന്ന മനോഭാവം തത്കാലം ലോക്കഡൗൺ കഴിയുന്നത് വരെ മാറ്റിവയ്ക്കുന്നതാണ് നല്ലത്. കാരണം വിൽക്കുന്നതിലേറെയും മാസങ്ങൾ പഴകിയ ചീഞ്ഞ മീനാണെന്നാണ് ഓരോ ദിവസവും വാർത്തകൾ വരുന്നത്. രണ്ട് ദിവസത്തിനിടെ ജില്ലയിലെ പലഭാഗത്ത് നിന്നായി 250 കിലോ ചീഞ്ഞ മീനുകളാണ് കണ്ടെടുത്ത് നശിപ്പിച്ചത്. നോക്കാതെ മീൻ വാങ്ങിയാൽ എട്ടിന്റെ പണികിട്ടും. വീട്ടിലെത്തി നോക്കുമ്പോഴാകും മനസിലാകുക, 'പെടയ്ക്കണ' മീൻ നല്ലൊന്നാന്തരം ചീഞ്ഞളിഞ്ഞതാണെന്ന്. വാഴയുടെയോ തെങ്ങിന്റെയോ മൂട്ടിൽ വളമായിടാൻ കൊള്ളാം, അല്ലാതെ കറിയാക്കാൻ നിന്നാൽ കഴിക്കുന്നയാളെ ലോക്ക്ഡൗൺ കാലത്ത് ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരും.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് മീൻ പിടിക്കാൻ അനുമതിയുള്ളത്. എന്നാൽ അവർ പിടിക്കുന്ന മീനുകൾ അതത് പ്രദേശങ്ങളിൽ തന്നെ വിറ്റുതീരുകയാണ്. ഇടുക്കി പോലുള്ള മലയോരജില്ലകളിലേക്ക് മീനെത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിലും ലോക്ക്ഡൗണിന് മുമ്പ് പിടിച്ചുസൂക്ഷിച്ചിരുന്ന മത്സ്യം മാത്രമാണുള്ളത്. ഈ പഴകിയ മീനുകളാണ് വിറ്റഴിക്കുന്നതിലേറെയും.
വളർത്ത് മത്സ്യങ്ങൾക്ക് പ്രിയമേറി
ലോക്ക് ഡൗൺ കാലത്ത് നല്ല മീൻ കിട്ടാൻ ബുദ്ധിമുട്ടാതായതോടെ നാട്ടിൻപുറങ്ങളിൽ വളർത്ത് മത്സ്യങ്ങൾക്ക് ഡിമാൻഡ് കൂടി. കുളത്തിലും പ്രത്യേക ടാങ്കുകളിലും കൂട്ടിലും വളർത്തുന്ന രോഹു മുതൽ തിലോപ്പി വരെയുള്ള മത്സ്യങ്ങൾക്കാണ് പ്രിയം. ഹൈറേഞ്ചിലും തൊടുപുഴയിലെ ഉൾപ്രദേശങ്ങളിലും മീൻ വിൽപ്പന വ്യാപകമാണ്. ഇവ ജീവനോടെ തന്നെയാണ് പലയിടത്തും വിൽക്കുന്നത്. ആറ് മാസം കൊണ്ട് 500- 700 ഗ്രാം തൂക്കമായ മീനുകളാണ് മിക്കയിടത്തും വിൽക്കുന്നത്.
ശരാശരി മത്സ്യവില (കി.ഗ്രാം)
രോഹു- 200- 250 രൂപ
കട്ല- 200- 250
നട്ടർ- 150- 200
അസാം വാള: 150- 200
തിലോപ്പിയ: 150- 200