sugathan
സുഗതൻ കരുവാറ്റ

കട്ടപ്പന: ലോക്ക്ഡൗൺ നാളുകളിൽ എഴുത്തിലും വായനയിലും സജീവമായി കവിയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റുമായ സുഗതൻ കരുവാറ്റ. നിയന്ത്രണമുള്ളതിനാൽ കാവ്യസദസുകൾക്ക് അവധി നൽകിയെങ്കിലും പുതിയ കവിതാ സമാഹാരമായ 'നയമ്പി'ന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. ഒപ്പം വായനയും സജീവമായി കൊണ്ടുപോകുന്നു. ടി.ജെ ജോസഫിന്റെ അറ്റുപോയ ഓർമ്മകൾ, മനോജ് കുരൂറിന്റെ നിലം പൂത്ത് മലർന്ന നാൾ എന്നീ പുതിയ പുസ്തകങ്ങൾ വായിച്ചുതീർത്തു. തകഴിയുടെ കയർ, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ചുള്ളിക്കാടിന്റെ കവിതകൾ, പ്രഭാവർമ്മയുടെ ശ്യാമ മാധവം എന്നിവയാണ് ഇപ്പോൾ വായനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കും എഴുത്തിനും വീട്ടുജോലികൾക്കുമായി സമയം ക്രമീകരിച്ചിട്ടുണ്ട്. പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ സജീവ പ്രവർത്തകനായ സുഗതൻ പ്രൊഫഷണൽ, അമച്വർ നാടക സമിതികൾക്കായി ഗാനരചനയിലൂടെയാണ് സാഹിത്യ രംഗത്തെത്തിയത്. ഇപ്പോൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിത എഴുതുന്നുണ്ട്. രാഗസന്ധ്യ, കായൽ എന്നിവയാണ് കവിതാ സമാഹാരങ്ങൾ. സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ നിന്നും വിരമിച്ച സുഗതൻ കരുവാറ്റ നിരവധി സംഗീത ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും നാടകങ്ങൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്. കുമാരനാശാൻ മെമ്മേറിയൽ ആർട്‌സ്, ദേവികുളം ആകാശവാണി തുടങ്ങിയവയുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.