തൊടുപുഴ : ലോക്ക് ഡൗൺ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും സാനിറ്റൈസറും മാസ്‌ക്കും സൗജന്യമായി വിതരണം ചെയ്യണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകനും കൺവീനർ അഡ്വ.അലക്‌സ് കോഴിമലയും അഭ്യർത്ഥിച്ചു. സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധന സൗജന്യമാക്കണമെന്നുള്ള സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് ചൂണ്ടുപലകയാണ്. സാനിറ്റൈസറും മാസ്‌ക്കും ജനങ്ങൾ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കട്ടെ എന്ന നിലപാട് സർക്കാർ കൈക്കൊണ്ടാൽ പലരും ഇവ ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കും. അത് സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കും. ജനങ്ങൾ എല്ലാവരും സാനിറ്റൈസറുംമാസ്‌ക്കും ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്താൻ സൗജന്യമായി തന്നെ വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്.