കുഞ്ചിത്തണ്ണി: തമിഴ്നാട്ടിൽനിന്ന് കൊവിഡ് വ്യാപനം തടയുന്നതിനായി ഒരാഴ്ചക്കാലത്തേയ്ക്ക് മൂന്നാറിലേർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ ഹൈറേഞ്ച് മേഖലയിലെ പച്ചക്കറി വ്യാപാര മേഖലയെ നിശ്ചലമാക്കി . കേരളത്തിലെ പച്ചക്കറിയുടെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പ്രധാന സ്ഥലമാണ് മൂന്നാർ . തമിഴ്‌നാട്ടിലെ പ്രമുഖ പച്ചക്കറി ലേല കേന്ദ്രങ്ങളായ കോയമ്പത്തൂർ, മധുര, ആണ്ടിപ്പെട്ടി, തേനി, തേവാരം, മേട്ടുപ്പാളയം എന്നിവടങ്ങളിൽ നിന്നുമുള്ള പച്ചക്കറി മൂന്നാറിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിലെത്തിയ ശേഷമാണ് ജില്ലയിലെ പ്രധാന ചില്ലറ വില്പന കേന്ദ്രങ്ങളിലെത്തുന്നത് . അടിമാലി, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനച്ചാൽ, ബൈസൺവാലി തുടങ്ങിയ സ്ഥലങ്ങളിലുൾപ്പെടെ വൻതോതിലാണ് പച്ചക്കറി എത്തിയിരുന്നത്. ലോക്ഡൗഡൗണിശേഷം തമിഴ്‌നാട്ടിൽ നിന്നുമുള്ള പച്ചക്കറിയുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. തമിഴ് അതിർത്തിയായ മറയൂർ,വട്ടവട ,കാന്തല്ലൂർ ,മേഖലകളിൽ പച്ചക്കറി കൃഷിയുണ്ടെങ്കിലും എല്ലാ ഇനങ്ങളും കൃഷി ചെയ്യുന്നില്ല. ഇവിടെ ശീതകാലകൃഷിക്കാണ് പ്രാമുഖ്യം നൽകുന്നത്. അതിനാൽ മറയൂർ മേഖലയെ കൂടുതലായി ആശ്രയിക്കാനുമാകില്ല.തമിഴ്‌നാട്ടിൽ കൊവിഡ് പടരുന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഒരാഴ്ചയിലധികമായി പച്ചക്കറി വിൽപ്പന്ന കുത്തനെ ഇടിഞ്ഞതായും വ്യാപാരികൾ പറയുന്നു. പച്ചക്കറിയുടെ വരവ് കൂടി നിലയ്ക്കുന്നതോടെ പഞ്ചായത്തുകൾ തോറും നടത്തി വരുന്ന സാമൂഹ്യ അടുക്കളകളിലടക്കം പച്ചക്കറിയുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കും

വ്യാപനം തടയുക ലക്ഷ്യം

അതിർത്തി പ്രദേശങ്ങളിൽ കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മൂന്നാറിൽ വ്യാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷം ഏഴുദിവസത്തേക്ക് മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്.

തമിഴ്‌നാട്ടിൽ നിന്നും ആളുകൾ കാൽനടയായി മൂന്നാറിലേക്ക് എത്തുന്നത് തടയുന്നതിനാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

എസ്റ്റേറ്റുകളിലെ തൊഴിലാളികൾ മിഴുവൻ തമിഴ്നാട്ടുകാരാണ്. സബ് കളക്ടർ എസ്.പ്രേം കൃഷ്ണൻ വ്യാപാരികൾ, പൊതുപ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമ്പൂർണ്ണ അടച്ച്പൂട്ടലിന് തീരുമാനിച്ചത്.ഒരാഴ്ച്ച എന്നാണ് നിശ്ഛയിച്ചിരിക്കുന്നതെങ്കിലും തമിഴ്നാട്ടിലെ കൊവിഡ് വ്യാപനം കുറയുന്നതിനെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ