തൊടുപുഴ: കൊവിഡ്- 19 മുക്തമാകാനുള്ള കാത്തിരിപ്പിലാണ് ഇടുക്കി ജില്ല. നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ കൂടി രണ്ടാമത്തെ നെഗറ്റീവ് ഫലം വന്നാൽ രോഗികളൊന്നുമില്ലാത്ത ജില്ലയായി ഇടുക്കി മാറും. തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ കുമ്പംകല്ല് സ്വദേശി, ചുരുളി സ്വദേശിയായ കോൺഗ്രസ് പ്രവർത്തകന്റെ അമ്മ, മകൻ എന്നിവരാണ് ഇനി രോഗം ഭേദമാകാനുള്ളത്. ചുരുളി സ്വദേശിക്കും ഭാര്യയ്ക്കും കഴിഞ്ഞ ദിവസം രോഗം ഭേദമായിരുന്നു. അമ്മയുടെയും മകന്റെയും രോഗം ഭേദമായ ശേഷം ഒരുമിച്ച് ആശുപത്രി വിടാനാണ് ഇവരുടെ തീരുമാനം. ചികിത്സയിലുള്ള മൂന്ന് പേരുടെയും രണ്ടാമത്തെ നെഗറ്റീവ് ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ബൈസൺവാലി സ്വദേശിയായ ഏകാദ്ധ്യാപികയും മകനും ആശുപത്രി വിട്ടിരുന്നു. എട്ട് ദിവസമായി പുതിയ കൊവിഡ്- 19 കേസുകളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.
നിരീക്ഷണത്തിൽ 4372 പേർ
കൊവിഡ്- 19 പശ്ചാത്തലത്തിൽ 4372 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ എട്ട് പേർ മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ പുതുതായി 97 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 43 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ 347 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കെടുത്തതിൽ 290 എണ്ണവും നെഗറ്റീവാണ്.