കട്ടപ്പന: ഇറച്ചിയില്ലാതെ എന്ത് ഈസ്റ്റർ ആഘോഷം? ലോക്ക് ഡൗൺ നിർദേശങ്ങൾ കുറച്ചുസമയത്ത് മാറ്റിവച്ച് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ഇറച്ചി വിൽപനശാലകൾ ജനസാഗരമായി മാറി. പോത്തിറച്ചിക്കായിരുന്നു ആവശ്യക്കാർ ഏറെയും. പന്നി, കോഴിയിറച്ചി വിൽപനയും പൊടിപൊടിച്ചു. മണിക്കൂറുകൾക്കുള്ളിൽ പല കടകളും കാലിയായി. പുലർച്ചെമുതൽ കാത്തുനിന്നിട്ടും ഇറച്ചി കിട്ടാതെ നിരാശരായി മടങ്ങളിയവരും നിരവധി. പലർക്കും ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് ഇറച്ചി കിട്ടിയത്. പോത്തിറച്ചിക്ക് കിലോഗ്രാമിനു 300 മുതൽ 320 രൂപയായിരുന്നു വില. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നു ഉരുക്കൾ എത്താത്തതിനാൽ നാട്ടിലെ പോത്തുകളെയാണ് കശാപ്പ് ചെയ്തത്. സാമൂഹിക അകലം പാലിക്കാനൊന്നും കാത്തുനിൽക്കാതെ ആളുകൾ തിരക്കുകൂട്ടിയതോടെ കശാപ്പുകാരും കടയുടമകളും വലഞ്ഞു. കട്ടപ്പന നഗരത്തിലെ ഇറച്ചിവിൽപന ശാലകൾ തുറക്കാതിരുന്നത് നാട്ടുകാരെ നിരാശരാക്കി. കട്ടപ്പന സ്വദേശികൾ നരിയംപാറ, വെള്ളിലാംകണ്ടം, ഇരട്ടയാർ എന്നിവിടങ്ങളിലെ കടകളിൽ എത്തിയതോടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചു. 'കാര്യങ്ങൾ കൈവിട്ടുപോകുമെന്ന' സ്ഥിതിയായപ്പോൾ ക്യൂ പാലിക്കണമെന്നു നിർദേശിച്ചതോടെ ഇറച്ചി വാങ്ങാനെത്തിയവരുടെ നിര പല സ്ഥലങ്ങളിലും ഏറെമീറ്ററോളം നീണ്ടു. പൊലീസ് എത്തി സാമൂഹിക അകലം പാലിക്കണമെന്നു നിർദേശിച്ചതോടെ ക്യൂ വീണ്ടും നീണ്ടു. പുലർച്ചെ എത്തിയവർക്കും നേരത്തേ ഓർഡർ ചെയ്തവർക്കും മാത്രമാണ് പല സ്ഥലങ്ങളിലും ആവശ്യാനുസരണം പോത്തിറച്ചി ലഭിച്ചത്. തിരക്ക് അനിയന്ത്രിതമായതോടെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ വിൽക്കുന്ന ഇറച്ചിയുടെ അളവും കുറച്ചു. മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം വിൽപനശാലകളും കാലിയായി. കൂടാതെ ഇറച്ചിക്കോഴി കടകളിലും കോൾഡ് സ്‌റ്റോറേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെ ഇറച്ചിക്കോഴി വില 130 രൂപയായി വർധിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ 20 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്.